പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ;കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി∙ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ കുട്ടിക്കു സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി ചെലവായി 25,000 രൂപ കെട്ടിവയ്ക്കണം. ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിനു ഉദ്യോഗസ്ഥയ്ക്കു പരിശീലനം നൽകാനും കോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.

“പൊലീസ് പട്രോളിങ് വാഹനത്തിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച് തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച ഉദ്യോസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിൽ കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു.

 

എന്നാൽ, കുട്ടിക്കു നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും, ആരോപണ വിധേയയായ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.