കിളിമാനൂർ : സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഉപജില്ലാതല പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു. എൽപി,യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടന്ന ക്വിസ് മത്സരം കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ.സാബു പദ്ധതി വിശദീകരണം നടത്തി. എൽ.പി,യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി വെവ്വേറെ മത്സരം സംഘടിപ്പിച്ചു.
എൽ പി വിഭാഗത്തിൽ നിന്നും മടവൂർ ജി.എൽ.പി സ്കൂളിലെ ദക്ഷ് ദേവിക് എം.ഡി യും യു.പി വിഭാഗത്തിൽ നിന്നും മടവൂർ എൻ.എസ്.എസ് എച്ച് എസ്.എസിലെ അനന്യ.പി.എസും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കൊടുവഴന്നൂർ ജി.എച്ച്.എസ്.എസിലെ നീലാഞ്ജന.എൻ.ഡി യും ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും കിളിമാനൂർ ജിഎച്ച്എസ്എസിലെ അദ്വൈത്.പി.എസും ഒന്നാം സ്ഥാനത്തിന് അർഹരായി. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലുള്ള ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഉപജില്ലാ തലത്തിൽ ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് മൊമെന്റോ നൽകി. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. ക്വിസ് മാസ്റ്ററായ ബി. ജയകുമാരൻ ആശാരിയുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. കിളിമാനൂർ ജി.എൽ.പി എസിലെ പ്രഥമാധ്യാപകൻ അലക്സാണ്ടർ ബേബി, ക്ലസ്റ്റർ കോഡിനേറ്റർമാരായ ജയലക്ഷ്മി.കെ.എസ്, ജയശങ്കർ.ജി എന്നിവർ ആശംസകൾ നേർന്നു.