*ഓപ്പറേഷന്‍ ട്രോജൻ.. തെരച്ചില്‍ ശക്തമാക്കി കിളിമാനൂര്‍ പൊലീസ്*

കിളിമാനൂർ:കേരളാ പൊലീസിന്റെ ഓപ്പറേഷൻ ട്രോജന്റെ ഭാ​ഗമായി കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ​ഗുണ്ടാ ആക്രമണ, അബ്കാരി , നാർക്കോട്ടിക്  കേസുകളിലടക്കം പ്രതിയായി ഒളിവിൽ ക​ഴിയുന്നവരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ​ഗുണ്ടാ ആക്രമണങ്ങൾ നടത്തിവരുന്ന പ്രതികളെ  ഓപ്പറേഷൻ ട്രോജന്റെ ഭാ​ഗമായി വലയിലാക്കും. കിളിമാനൂർ എസ്എച്ച്ഒ  എസ് സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്റെ ഭാ​ഗമായി ഇതിനകം രണ്ട് പേർ പിടിയിലായി. കിളിമാനൂർ മാവിൻമൂട്ടിൽ സ്ഥിതിചെയ്യുന്ന പലചരിക്ക് കടയലിൽ നിന്നും 200 പാക്കറ്റിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയും കടയുടമ സമീർ (35)നെ അറസ്റ്റ്  ചെയ്യുകയും ചെയ്തു. നിരവധി ​ഗുണ്ടാ അടിപിടികേസുകളിൽ പ്രതിയായി കോടതി വാറണ്ട് നിലനിൽക്കെ ഒളിവിൽ കഴിയുകയായിരുന്ന കരവാരം പുല്ലൂർമുക്ക് സുനിൽനിവാസിൽ റീബു (39)നെയും പൊലീസ് സംഘം പിടികൂടി. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.