ഡ്രൈവിംഗ് ലൈസന്‍സിലെ സമ്മതപത്രപ്രകാരം അവയവങ്ങള്‍ ദാനം ചെയ്ത ആദ്യത്തെ ദാതാവ്
ജീവിതവഴികള്‍ ഇനിയും ഒരുപാടു താണ്ടാനുണ്ടായിരുന്നു ജോമോന്‍ കുര്യന്‍ എന്ന പത്തൊമ്പതുകാരന്. എന്നാല്‍ പാതിവഴിയില്‍ ഇടറിവീണ ജോമോന്‍റെ ചിന്തകളും സ്വപ്നങ്ങളും കഴിവുകളും ഒരുപക്ഷേ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ജോമോന്‍ ഡ്രൈവിംഗ് ലൈസന്‍സെടുത്തിട്ട് നാലുമാസമാണ് പിന്നിട്ടത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഡ്രൈവിംഗ് ലൈസന്‍സിസ് അപേക്ഷിച്ചപ്പോള്‍ അവയവദാനസമ്മതപത്രത്തില്‍ കൂടി ഒപ്പിട്ടുനല്‍കാന്‍ ജോമോന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. അങ്ങനെ ലൈസന്‍സില്‍ ഓര്‍ഗന്‍ ഡോണര്‍ എന്നുകൂടി രേഖപ്പെടുത്തിയ ലൈസന്‍സ് സ്വന്തമാക്കി. ഈ ലൈസന്‍സ് സ്വന്തമാക്കിയശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്ന ആദ്യ വ്യക്തിയാണ് ജോമോന്‍. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ ലൈസന്‍സ് അപേക്ഷയോടൊപ്പം അവയവദാനസമ്മതപത്രത്തിനുകൂടി അസരമൊരുക്കിയത് ഈയിടെയാണ്. ചാത്തന്നൂര്‍ കാരംകോട് പുത്തന്‍വീട്ടില്‍ ജോണ്‍ എന്‍ കുര്യന്‍റെയും സൂസന്‍കുര്യന്‍റെയും ഏകമകനായ ജോമോന്‍ കല്ലമ്പലം നഗരൂര്‍ രാജധാനി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുമ്പോഴുണ്ടായ ബൈക്കപകടത്തിലാണ് ജോമോന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെനിന്നും കിംസ് ആശുപത്രിയിലേയ്ക്കും മാറ്റി. ഇതിനിടെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ജോമോന്‍റ തിരിച്ചുവരവ് പ്രതിസന്ധിയിലായി. ഒടുവില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ജോമോന്‍റെ അച്ഛനമ്മമാര്‍ മകന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഹൃദയവു കരളും വൃക്കകളുമടക്കെ ദാനം ചെയ്യുന്നതിന് അവര്‍ തയ്യാറായി. ബുധന്‍ രാത്രിയോടെ യാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ചിത്രകാരനും കര്‍ഷകനും യൂട്യൂബ് ബ്ലോഗറുമാണ് ജോമോന്‍. ജോമോന്‍റെ കഴിവുകള്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന്‍റെ മനുഷ്യസ്നേഹം കൂടിയാണ് അവയവദദാനസമ്മതപത്രത്തിലൂടെ വ്യക്തമാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സെടുത്തപ്പോള്‍തന്നെ അവയവദാനത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ച ജോമോന്‍ എന്ന ചെറുപ്പക്കാരന്‍റെ ഹൃദയവിശാലതയ്ക്കൊപ്പം അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരുടെ നിലപാടിനും കേരളസമൂഹം ആദരവറിയിച്ചുകഴിഞ്ഞു. ആരോഗ്യമന്ത്രി വീണാജോര്‍ജ്. കിംസ് ആശുപത്രി അധികൃതര്‍, സംസ്ഥാന സരക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ അമരക്കാര്‍ എന്നിവരും ജോമോന്‍റെ കുടുംബാംഗങ്ങളോട് ആദരവറിയിക്കുകയും അവയവദാനപ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാണ്. എന്നാൽ അവയവങ്ങളുടെ പ്രവർത്തനക്ഷമത കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക.