സംസ്ഥാനത്ത് കോവിഡ് ചികിത്സ ഒഴികെ മറ്റെല്ലാ ചികിത്സകളും ബഹിഷ്ക്കരിച്ച്‌ കൊണ്ടുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്.

സംസ്ഥാനത്ത് കോവിഡ് ചികിത്സ ഒഴികെ മറ്റെല്ലാ ചികിത്സകളും ബഹിഷ്ക്കരിച്ച്‌ കൊണ്ടുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്.

ചര്‍ച്ചയ്ക്ക് വഴിയൊരുക്കാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നതിനുള്ള തീരുമാനം. ഡോക്ടര്‍മാരുടെ സമരം തുടരുന്നത് വന്‍പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നാണ് മെഡിക്കല്‍ കോളേജുകളുടെ വിലയിരുത്തല്‍.

വിമര്‍ശനം ശക്തമായതോടെ ഹോസ്റ്റലുകളില്‍ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും.

ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു പോവുന്നത്. സ്റ്റൈപ്പന്‍ഡ് വര്‍ധനവില്‍ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാന്‍ രാത്രിയില്‍ തന്നെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ നല്‍കിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു.

സമരം തുടങ്ങിയതോടെ ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം താളം തെറ്റി. ഒപിയില്‍ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ശസ്ത്രക്രിയകള്‍ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയര്‍ ഡോക്ടര്‍മാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേല്‍പ്പിച്ചാണ് സ്ഥിതി നേരിടുന്നത്.

എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും സമരം തുടരുന്നതിനാല്‍, ഇനി ചര്‍ച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നീറ്റ്-പിജി പ്രവേശനം നീളുന്നത് കോടതി നടപടികള്‍ കാരണമാണെന്നും, സ്റ്റൈപ്പന്‍ഡ് വര്‍ധനവ് ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

വിവാദമായതോടെ, രാത്രികളില്‍ ഹോസ്റ്റല്‍ ഒഴിയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ്, മന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമെന്ന് കാട്ടി ഹോസ്റ്റലുകളില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത് പരിശോധിക്കുമെന്നും തിരുത്തുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരോടുള്ള പ്രതികാര നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ്. ചര്‍ച്ച ചെയ്ത് ഉടന്‍ സമരം അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സമര രംഗത്തുള്ള പെണ്‍കുട്ടികള്‍ അടക്കമുള്ളവരോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും സതീശന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.