ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മണ്ഡപക്കെട്ടിന്റേത് ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നിലച്ചിരിയ്ക്കുന്നത്.
പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 1.07 കോടി രൂപ ചെലവിട്ടുള്ള നവീകരണപ്രവര്‍ത്തനങ്ങളാണ് കൊട്ടാരത്തില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചത്. ആറ്റിങ്ങല്‍ കലാപത്തിന്റെ മുന്നൂറാം വാര്‍ഷികം പ്രമാണിച്ച് കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും പൈതൃകസ്മാരകമാക്കി സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2020-2021 വര്‍ഷത്തെ ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ അനന്തമായ് നീണ്ടു പോയിരുന്നു.
ജനുവരിയില്‍ ആരംഭിച്ച നവീകരണപ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ എങ്ങും എങ്ങും എത്താതെ ഇപ്പോഴും അനന്തമായ് നീണ്ടുപോകുന്നത്.
700 വർഷത്തോളം പഴക്കമുള്ള കൊട്ടാരം അധികൃതരുടെ അനാസ്ഥമൂലം പൂർണ്ണമായും തകർന്നടിയുന്ന അവസ്ഥയിലായിട്ടും,
ആറ്റിങ്ങലിന്റെ ചരിത്രം വിളിച്ചോതുന്ന അവശേഷിപ്പുകൾ കാത്ത് സൂക്ഷിക്കേണ്ടതിന്റെയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും ഗൗരവം തിരിച്ചറിയാതെ ആറ്റിങ്ങൽ നഗരസഭയും ജനപ്രതിനിധികളും ഇപ്പോഴും ഉറക്കത്തിലാണ്.
കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്എത്തിയപ്പോഴെല്ലാം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായ് കോടികൾ വകയിരുത്തിയ കണക്കുകൾ നിരത്തി കൊട്ടിഘോഷിച്ച് നവീകരണ പ്രവർത്തികളുടെ ഉൽഘാടനങ്ങൾ സംഘടിപ്പിച്ച് പൊടിയും തട്ടിപോകുന്ന MP, MLA മാരടക്കമുള്ള ജനപ്രതിനിധികളുടെയും നഗരസഭയുടെയും നടപടികളിൽ ഇവിടുത്ത്കാർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിയ്ക്കുകയാണ്.