വാക്‌സിനെടുക്കാം, ജാഗ്രത തുടരാം

കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യത്തിൽ പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടു പോകാനുള്ള പ്രയത്‌നത്തിലാണ് കേരളം. ഈ ഘട്ടത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കാനും വിമുഖതയില്ലാതെ വാക്‌സിൻ സ്വീകരിക്കാനും നാം തയാറാകണം.

ഒന്നാം ഡോസ് വാക്‌സിനെടുത്തവരുടെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് തക്ക സമയത്തെടുത്തില്ലെങ്കിൽ ആദ്യഡോസ് എടുത്തതിന്റെ പ്രയോജനം ലഭിക്കാതെ പോകും. രോഗം കുറഞ്ഞ് തുടങ്ങിയെങ്കിലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ  തുടർന്നും ശ്രദ്ധിച്ച് ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം.

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി സൗജന്യ ചികിത്സ നൽകില്ല. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കില്ല.
 
വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്‌നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്‌സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതുജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.

ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്തും. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം പരിശോധിക്കുകയും പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ നടപടിയെടുക്കുകയും ചെയ്യും.

ഡിസംബർ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

#kerala #covid19 #keralagovernment #covidvaccination #Omicron