കണ്ണട വയ്ക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു; മൊബൈൽ ഉപയോഗം കുറയ്ക്കണം

തിരുവനന്തപുരം ∙ കണ്ണട വയ്ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ എണ്ണം വർധിക്കുകയാണ്. കുട്ടിക്കണ്ണട‍യുമായി ക്ലാസ്സി‍ലേക്കു പോകുന്ന കുരുന്നുകളുടെ എണ്ണത്തിൽ നഗരത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. വട്ടത്തി‍ലുള്ളതും, ചതുരക്കണ്ണട‍ധാരികളും നിറപ്പകിട്ടുള്ള കണ്ണ‍ടകളും തരംഗമാകുന്നു. കണ്ണട‍പ്പെട്ടികൾ ഇടയ്ക്കിടെ എടുത്ത്, പ്രത്യേകം കരുതിയി‍രിക്കുന്ന തുണികൾ ഉപയോഗിച്ച് തുട‍യ്ക്കും. മാസ്ക് വയ്ക്കുന്നതിനാൽ ഉ‍ണ്ടാകുന്ന ഈർ‍പ്പമാണ് നിലവിലെ ഇവരുടെ ഏറ്റവും വലിയ പ്രശ്നം. കണ്ണടകൾ യൂണി‍ഫോമിന്റെ ഭാഗമാ‍യി എന്നു തന്നെ പറയാം. 

∙ ‘ഷോർട്ട്’ വില്ലൻ !

കണ്ണട വയ്ക്കുന്ന കുട്ടികളുടെ എണ്ണം കൂടാൻ പ്രധാന കാരണം ഷോർട് സൈ‍റ്റാണ്. അകലെയുള്ള വസ്തുക്കൾ കാണാൻ കഴിയുന്നില്ലെന്നതാണ് വിഷയം. മൊബൈൽ സ്ക്രീനിൽ നിന്ന് ക്ലാസ്മുറിക‍ളിലെ ബോർഡുകളി‍ലേക്ക് എത്തിയപ്പോൾ വായന അത്ര സുഖ‍കരമല്ല. അക്ഷരങ്ങൾ ഓടിക്കളിക്കുന്ന പോലെയാണ് കുട്ടികൾക്ക്. എല്ലാ പഴിയും ഓൺലൈൻ ക്ലാസിന്റെ തലയി‍ലുമെത്തി. എന്നാൽ പ്രധാന കാരണം ഓൺലൈൻ ക്ലാസുകൾ അല്ലെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് തുടങ്ങുന്നതിനു മുൻപ് തന്നെ ഷോർട് സൈറ്റ് വിഷയവുമായി സമീപിച്ചി‍രുന്ന കുട്ടികളുടെ എണ്ണം കൂടിയി‍രുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 

ഫോൺ ഉപയോഗം കുറയ്ക്കണം 

കണ്ണുകൾ അടുത്തുള്ള കാഴ്ചകളിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന സമയം കൂടുന്നതാണ് ചെറു പ്രായ‍ത്തിലെ ഷോർട് സൈറ്റിനു പ്രധാന കാരണം. പഠനം അതിലൊന്നു മാത്രം. ടിവി, വീടിനുള്ളിലെ കാഴ്ചകളിൽ ഒതുങ്ങുക, ഫോൺ എന്നിവ ഇതിലേക്ക് വഴി തെളിക്കും. കോവിഡിന്റെ ആരംഭത്തോടെ കൂടുതൽ സമയവും കുട്ടികൾ വീടുനു‍ള്ളിൽ തന്നെയാണ്. ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ സ്ക്രീൻ ടൈം (മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയം) വർധിപ്പിച്ചിട്ടുണ്ട്. ക്ലാസുകൾക്കായി ഫോൺ ഉപയോഗിക്കുന്നതിന് അനുസരിച്ച് മറ്റു കാര്യങ്ങൾക്കായി ഫോൺ ഉപയോഗിക്കേണ്ടത് കുറയ്ക്കേണ്ടതുണ്ട്. പുസ്തകങ്ങളുടെ അമിത വായനയും ഷോർട് സൈറ്റിനു കാരണമാകും.

∙ പുറത്തിറങ്ങണം !

കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഔട്ട്‍ഡോർ ഗെയിം‍സുകളായി കുട്ടികൾ ഇടപെടേണ്ടതു‍ണ്ടെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു. പ്രകൃതിയുമായി ഇടപെടണം. അങ്ങനെ വരുമ്പോൾ ദൂരെയുള്ള കാഴ്ചകൾ കാണാൻ കഴിയും. കണ്ണുകൾ കൂടുതലും അയഞ്ഞ അവസ്ഥയിലാണ് ഇത്തരം സന്ദർഭങ്ങളിൽ. അടുത്തേക്ക് നോക്കുമ്പോൾ കണ്ണിനു‍ള്ളിലെ മസിലുകൾ കൂടുതൽ വലിയുകയും കണ്ണുകൾക്കു‍ണ്ടാകുന്ന സമ്മർദം കൂടുകയും ചെയ്യുന്നു. കോവിഡ് പുറത്തേക്ക് ഇറക്കാത്ത‍തിനാൽ അകലെ കാഴ്ചകൾ കുട്ടികളിൽ നിന്നും അകന്നതും ഷോർട് സൈറ്റിന്റെ പ്രധാന കാരണങ്ങൾ തന്നെ. ഉറക്കം കണ്ണുകൾ‍ക്കുള്ള വിശ്രമ സമയമാണ്. അതിനാൽ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണ്.

കണ്ണുകൾക്ക് വിശ്രമം നൽകണം:

‘കണ്ണുകൾ കൊണ്ടുള്ള വ്യായാമം ഷോർട് സൈറ്റ് മാറ്റില്ല. ഷോർട്ട് സൈറ്റിനു കണ്ണട വയ്ക്കേണ്ടി വന്നാൽ പിന്നീട് അതു തുടരേണ്ടി വരും. അതിനാൽ കണ്ണുകൾക്ക് ആവശ്യമായ വിശ്രമം അനുവദിക്കണം. ഓൺലൈൻ ക്ലാസുകൾ അല്ല വില്ലൻ. അടുത്തുള്ള കാഴ്ചയിൽ മാത്രം ഒതുങ്ങി പോകുന്നതാണ് കുഴപ്പം’