*ശിവഗിരി തീര്‍ഥാടനം: ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം*

*ഐ-പി.ആര്‍.ഡി.*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
വാര്‍ത്താക്കുറിപ്പ്
28 ഡിസംബര്‍ 2021


ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്ന്(ഡിസംബര്‍ 29) മുതല്‍ ജനുവരി ഒന്ന് വരെ മട്ടു ജംഗ്ഷനില്‍ നിന്നും ഗുരുകുലം ജംഗ്ഷനില്‍ നിന്നും ശിവഗിരിയിലേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടുകയുള്ളൂവെന്ന് വര്‍ക്കല പോലീസ് അറിയിച്ചു.

കല്ലമ്പലം ഭാഗത്തു നിന്ന് വരുന്ന തീര്‍ത്ഥാടന വാഹനങ്ങള്‍ നരിക്കല്ല് മുക്ക്, പാലച്ചിറ, വട്ടപ്ലാമൂട് ജംഗ്ഷന്‍ വഴി എസ്.എന്‍ കോളേജ് -നടയറ ഭാഗത്ത് വാഹനങ്ങള്‍ ഒതുക്കി തീര്‍ത്ഥാടകരെ ഇറക്കണം. 
 
പാരിപ്പള്ളി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ മുക്കട ഭാഗത്തു നിന്ന് വലത്തേക്ക് തിരിഞ്ഞ് അയിരൂര്‍ നടയറ വഴിയും അഞ്ചുതെങ്ങ്്, കടക്കാവൂര്‍ ഭാഗത്ത് നിന്നു വരുന്നവ മൂന്ന് മുക്ക് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മരക്കടമുക്ക്, പാലചിറ വഴിയും  ഇടവ, കാപ്പില്‍ ഭാഗത്തുനിന്ന് വരുന്ന  വാഹനങ്ങള്‍ പുന്നമൂട്- നടയറ എസ്.എന്‍ കോളേജ് ഭാഗം വഴിയോ പാലച്ചിറ വഴിയോ വര്‍ക്കല എസ്. എന്‍ കോളേജിന് മുന്‍വശമെത്തി തീര്‍ഥാടകരെ ഇറക്കണം. 

എസ്. എന്‍ കോളേജ് ഗ്രൗണ്ട്, എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട്,  ശിവഗിരി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ വാഹനത്തില്‍ ഇരിക്കണം. അല്ലെങ്കില്‍ ഡ്രൈവറുടെയോ ക്ലീനറുടെയോ മൊബൈല്‍ നമ്പരുകള്‍ കാണത്തക്കരീതിയില്‍ വാഹനത്തിന്റെ മുന്‍വശത്ത് പതിക്കേണ്ടതാണ്.

ശിവഗിരി തീര്‍ഥാടകരുമായി എത്തുന്ന ഇരുചക വാഹനങ്ങള്‍ ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍ എസ്. എസ്. എന്‍. എം ലേഡീസ് ഹോസ്റ്റലിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ അഞ്ച് മണി മുതല്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, മൈതാനം, ആയുര്‍വേദ ആശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, പാലച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ഗുരുകുലം ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് ജംഗ്ഷന്‍ വരെയും മട്ടു ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് ജംഗ്ഷന്‍ വരെയും റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് വര്‍ക്കല പോലീസ് അറിയിച്ചു. 

വഴിയോരക്കച്ചവടം, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 

ശിവഗിരി തീര്‍ഥാടനത്തിനു എത്തുന്ന ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായും പാലിക്കേണ്ടതാണ്. അസുഖലക്ഷണമുള്ള ഭക്തര്‍ തീര്‍ഥാടനത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പോലീസ് അറിയിച്ചു.