‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നത്​ കോടതി വിലക്കി

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നത്​ കോടതി താത്കാലികമായി വിലക്കി.ഹര്‍ജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ്​ എറണാകുളം ജില്ല സബ് കോടതി വിലക്ക്​ ഏര്‍പ്പെടുത്തിയത്​.

സാമൂഹിക മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന്​ വീണ്ടും പരിഗണിക്കും. ജോസ് കുറുവനാക്കുന്നേലിന്റെ ഹര്‍ജി അനുവദിച്ചാണ്​ കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വര്‍ഗീസ് എബ്രഹാമാണ് എതി‍ര്‍ കക്ഷി.

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ 2022ല്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. ജിനു എബ്രഹാമാണ് തിരക്കഥ.