ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായ നാല് പേരുടെ പരിശോധനാഫലങ്ങളാണ് കേരളം കാത്തരിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നവംബർ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവായിരുന്നു.
അതേസമയം രാജ്യത്തെ ആദ്യ ഒമിക്രോൺ ബാധിതൻ ഇന്ന് ആശുപത്രി വിട്ടേക്കും. ബംഗളൂരുവിലെ ഡോക്ടർക്കാണ് ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാഫലം നെഗറ്റീവായാൽ ആശുപത്രി വിടും. നവംബർ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ രണ്ടിന് ഒമിക്രോണും സ്ഥിരീകരിച്ചു. കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. സംസ്ഥാനത്തെ കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. ആശുപത്രികളിൽ ഒമിക്രോൺ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.