കൊല്ലം - വർക്കല - കന്യാകുമാരി ക്രൂയിസ് കപ്പല്‍ സര്‍വീസ്.

മിനി ആഡംബരക്കപ്പലില്‍ കന്യാകുമാരി കൊല്ലം യാത്രയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു.
കേരളവും തമിഴ്‌നാടും കപ്പല്‍യാത്ര സംബന്ധിച്ച്‌ ഉന്നതതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഉടനെ താല്‍പ്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ്‌ മാരിടൈം ബോര്‍ഡ്‌.

കൊല്ലത്തു നിന്നു വി‍ഴിഞ്ഞം വഴി കന്യാകുമാരിയിലേക്കാണ് ഒരു ക്രൂയിസ് കപ്പല്‍ സര്‍വീസ്. രണ്ടാമത്തെ ക്രൂയിസ് കപ്പല്‍ കൊല്ലവും പരിസരവും കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. കായലുകളോടു കൂടി ബന്ധിപ്പിച്ച്‌ സര്‍വീസ് നടത്താനാണ് ലക്ഷ്യം. ചെറിയ ആഡംബര കപ്പലാണ് ഇതിനു വിനിയോഗിക്കുന്നത്.

പൗരാണിക വാണിജ്യനഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തൊടുകുറിയായ കോവളം, കാഴ്‌ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരി എന്നിവയെ തൊട്ടുരുമ്മിയുള്ള യാത്രയ്‌ക്ക്‌ എത്തുന്നവര്‍ക്ക്‌ തുറമുഖങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി വിഴിഞ്ഞത്തും കൊല്ലത്തും പ്രാരംഭ നടപടികള്‍ ഉടന്‍ തുടങ്ങും.

കന്യാകുമാരിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌ ഒരു ലക്ഷ്യം. കടല്‍ പ്രക്ഷുബ്‌ധ‌മാകുന്ന മണ്‍സൂണില്‍ വിനോദസഞ്ചാരികളുടെ വരവ്‌ കുറവായതിനാല്‍ സീസണില്‍ മാത്രമാകും സര്‍വീസ്‌.
സാധാരണ യാത്രക്കാരെയും ആകര്‍ഷിക്കുന്നതാകും സര്‍വീസ്‌.

മത്സ്യമേഖലയ്‌ക്കോ മീന്‍പിടിത്തത്തിനോ ബുദ്ധിമുട്ട്‌ ഉണ്ടാകാത്തവിധം കപ്പല്‍ പാതയിലൂടെയാകും സര്‍വീസ്‌. ഇതിന്റെ സാധ്യത സംബന്ധിച്ച വിശദപഠനം ഉടന്‍ തുടങ്ങും. റിപ്പോര്‍ട്ട്‌ അനുകൂലമാണെങ്കില്‍ സര്‍വീസ്‌ ആലപ്പുഴ വരെ നീട്ടാനും ആലോചനയുണ്ട്‌.

കൊല്ലത്തുനിന്ന്‌ കൂടുതല്‍ കപ്പല്‍ സര്‍വീസ്‌ നടത്താന്‍ താല്‍പ്പര്യമുള്ളര്‍ക്ക്‌ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബോര്‍ഡ്‌. കൊല്ലത്തുള്ള ഒരു സ്ഥാപനം സന്നദ്ധത അറിയിച്ചിട്ടുണ്ട്

മാരിടൈം ബോര്‍ഡിനാണ്‌ സര്‍വീസിന്റെ മേല്‍നോട്ടം. കൊല്ലത്തുനിന്ന്‌ കന്യാകുമാരിയിലേക്ക്‌ 85 നോട്ടിക്കല്‍ മൈല്‍ (160 കിലോമീറ്റര്‍) ദൂരമുണ്ട്‌. ഏഴുമണിക്കൂറില്‍ ഈ ദൂരം താണ്ടാനാകും. കന്യാകുമാരിയില്‍നിന്ന്‌ ആരംഭിക്കുന്ന സര്‍വീസിന്റെ തിരുവനന്തപുരത്തെ ബോര്‍ഡിങ്‌ പോയിന്റ്‌ കോവളവും വര്‍ക്കലയുമായിരിക്കും. പരവൂര്‍, വര്‍ക്കല, കോവളം, ശുചീന്ദ്രം, നാഗര്‍കോവില്‍ തുടങ്ങി തീര്‍ത്ഥാടന ടൂറിസം കേന്ദ്രങ്ങള്‍ കടന്നുപോകുന്ന യാത്ര ഒരേസമയം കടല്‍ കരക്കാഴ്‌ചകളുടെ വിസ്‌മയം പകരും.