ആറ്റിങ്ങൽ: കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ അധികൃതർ കാലങ്ങളായി അടച്ചിട്ടിരുന്ന സ്ത്രീകളുടെ ശൗചാലയമാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ഇടപെടലിനെ തുടർന്ന് തുറന്നു കൊടുത്തത്. ഡിപ്പോയിലെത്തുന്ന വനിത യാത്രികരും ജീവനക്കാരും പുരുഷൻമാർ ഉപയോഗിക്കുന്ന ശൗചാലയമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. തുടർന്ന് നിരവധി തവണ ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അധികൃതരോട് പരാതി അറിയിച്ചിരുന്നു. എന്നാൽ പരാതിക്ക് പരിഹാരം കണ്ടെത്താത്തതിനാലാണ് പൊതുജനങ്ങൾ നഗരസഭ അധ്യക്ഷയെ സമീപിച്ചത്. തുടർന്ന് ചെയർപേഴ്സനും വനിത ഭരണ സമിതി അധ്യക്ഷമാരായ എസ്.ഷീജ, രമ്യ സുധീർ, ഗിരിജ ടീച്ചർ, മറ്റ് വനിത കൗൺസിലർമാർ തുടങ്ങിയവർ ഡിപ്പോയിലെത്തി എ.ടി.ഒ യുമായി ചർച്ച നടത്തിയ ശേഷം ടോയ്ലറ്റ് തുറന്നു കൊടുത്തു. നഗരസഭ അധ്യക്ഷ സ്ഥാനത്തും നിയോജക മണ്ഡലം സാമാജികയും വനിതകളായിരിക്കുന്ന ആറ്റിങ്ങലിൽ സ്ത്രീകളുടെ സുരക്ഷക്ക് വീഴ്ച്ച വരുത്തുന്ന സമീപനങ്ങക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.