മേയർ ഏരിയ കമ്മിറ്റിയിൽ

തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ചാല ഏരിയ കമ്മിറ്റിയിൽ. ഇതുവരെ ആര്യ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഏരിയ സെക്രട്ടറിയായി എസ്.ജയിൽ കുമാറിനെ പുതുതായി തിരഞ്ഞെടുത്തു. എൻ. സുന്ദരം പിള്ള, എസ്.സലീം, കെ.സി.കൃഷ്ണൻകുട്ടി, ആര്യ രാജേന്ദ്രൻ, സി.ജയൻ, സി.എസ്.സജാദ്, സി.ഗോപകുമാർ, എസ്.ജ്യോതികുമാർ, എസ്.ഉണ്ണിക്കൃഷ്ണൻ, ആർ.അജിത്കുമാർ, ആർ.രവീന്ദ്രൻ, ജെ. മായാ പ്രദീപ്, എം.മണികണ്ഠൻ, എം.എസ്.കണ്ണൻ, എം.കെ.സിനു കുമാർ, വി.ഷാജി, എം.സുൽഫിക്കർ, ആദർശ് ഖാൻ, ആന്റോ സുരേഷ്, എസ്.ശിവപ്രസാദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. 13 ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

മൂന്നുതവണ ടേം പിന്നിട്ട സാഹചര്യത്തിൽ നിലവിലെ ഏരിയ സെക്രട്ടറി എസ്.എ.സുന്ദർ ഒഴിഞ്ഞതിനു പകരമാണ് ജയിൽ കുമാർ സെക്രട്ടറിയായത്. പാർവതി പുത്തനാർ തീര പാത പദ്ധതിയുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ പഠന വിധേയമാക്കുക, വിജയ മോഹിനി മിൽ തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. തടവറയിൽ ജനിക്കുകയും പേരിനൊപ്പം ജയിൽ ചേർക്കപ്പെടുകയും ചെയ്ത നേതാവാണ് പുതിയ ഏരിയ സെക്രട്ടറി ജയിൽകുമാർ.