നടന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

കോഴിക്കോട് : നാടക-സിനിമാ നടന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതവും ഉണ്ടായി. ഇതേത്തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു.

27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയില്‍. വില്ലാപ്പള്ളി അമരാവതി സ്വദേശിയാണ്. വടകര സിന്ദൂര ,കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

12 വര്‍ഷത്തെ ബഹറിനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തില്‍ 3 തവണയും ജിസിസി റേഡിയോ നാടക മത്സരങ്ങളില്‍ 4 തവണയും മികച്ച നടനായിരുന്നു.

ടി വി ചന്ദ്രന്റെ മോഹവലയം എന്ന സിനിമയിലും അഭിനയിച്ചു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അനിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.