യുവതിയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്ബതികള്‍ക്ക് ഒരു മകളുണ്ട്. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ഭര്‍ത്താവിനു ബതിന്‍ഡ കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
മെമ്മറി കാര്‍ഡിലോ മൊബൈല്‍ ഫോണിലെ ചിപ്പിലോ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഭര്‍ത്താവിന് കുടുംബ കോടതി അനുമതി നല്‍കിയത്. ഇതിനുപിന്നാലെ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരം സംഭാഷണങ്ങളുടെ ആധികാരിക ഉറപ്പുവരുത്താന്‍ കഴിയില്ല. കോടതിയില്‍ ആദ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇത്തരം സംഭാഷണങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. ഹര്‍ജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ല. പ്രസ്തുത സിഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കുടുംബ കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.