അഞ്ചുതെങ്ങിലെ ഐസ് ഫാക്ടറിയിലെ അമോണിയം കലർന്ന മലിന ജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിടുന്നതായ് പരാതി.



അഞ്ചുതെങ്ങിലെ ഐസ് ഫാക്ടറിയിൽ നിന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അമോണിയം കലർന്ന മലിന ജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിടുന്നതായ് പരാതി.

അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപത്തെ   ഐസ് പ്ലാന്റിൽ നിന്നുമാണ് രാത്രികാലങ്ങളിൽ  അമോണിയം കലർന്ന മലിന ജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിടുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. 

കടയ്ക്കാവൂർ അഞ്ചുതെങ്ങ് മാമ്പളളി പ്രധാന റോഡിലേയ്ക്കാണ് നിയമവിരുദ്ധമായി സ്വാകാര്യ വ്യക്തിയുടെ സ്ഥനത്തിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നത്. ഇവിടുത്തെ പ്രധാന റോഡ് ടാർ ചെയ്തിട്ട് അധികം കാലം ആയിട്ടില്ല.
ടാറിങ്ങിന് മുൻപ് ഈ സ്ഥാപനത്തിന്റെ മുന്നിൽ നിരന്തരം മലിനജലം ഒഴുക്കിവിട്ടതിന്റെ ഫലമായി ടാറിന് ബലക്ഷയം ഉണ്ടായത് മൂലം വലിയ വലിയ കുഴികൾ രൂപപ്പെടാനും കാരണമായിരുന്നു.

രാത്രികാലങ്ങളിലാണ് ഈ സ്ഥാപനത്തിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നതെന്നാണ് സൂചന. ഇത് പ്രധാന റോഡിലും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേയ്ക്കും ഇടവഴികളിലേയ്ക്കും ഒഴുകിഎത്തുകയും കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

പ്രദേശത്തെ മുസ്ലിം ആരാധനലാത്തിനും പുരാതന ക്ഷേത്രങ്ങളിലൊന്നായ മുത്തുമാരി അമ്മൻ കോവിലിനു മുന്നിലും മലിന ജലം ഒഴികിയെത്തുന്നത് വിശ്വാസികളുടെ ശക്തമായ എതിർപ്പുകൾക്കും കാരണമായിതീർന്നിട്ടുണ്ട്.

ഇതേ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ PWD മന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര ആപ്ലിക്കേഷൻ വഴി പരാതി നൽകി.
കൂടാതെ, മലിന ജലം ഒഴുക്കി പൊതുനിരത്ത് നശിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നും പ്രദേശവാസികൾ ആവിശ്യപ്പെടുന്നു.