*എസ്.എൻ.ഡി.പി. യോഗം ചിറയിൻകീഴ് യൂണിയന്റെ ശിവഗിരി തീർഥാടന വിളംബര രഥയാത്രയുടെ ഉദ്ഘാടനം യൂണിയൻ ഭാരവാഹികൾക്ക് പീത പതാക കൈമാറി അടൂർ പ്രകാശ് എം.പി. നിർവഹിക്കുന്നു*
ചിറയിൻകീഴ്: ശ്രീനാരായണ സന്ദേശങ്ങളുടെ അന്തഃസത്തയും അർഥവ്യാപ്തിയും മനസ്സിലാക്കി അവ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് ഓരോ ശിവഗിരി തീർഥാടനങ്ങളുടേയും ആത്യന്തിക ലക്ഷ്യമെന്ന് അടൂർ പ്രകാശ് എം.പി. പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗം ചിറയിൻകീഴ് യൂണിയന്റെ താലൂക്കുതല ശിവഗിരി തീർഥാടന വിളംബര രഥയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അടൂർ പ്രകാശ്.
ശാർക്കര ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണി അധ്യക്ഷനായി. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി മുഖ്യാതിഥിയായി. യോഗം കൗൺസിലർ ഡി.വിപിൻ രാജ് തീർഥാടന സന്ദേശവും രാമരച്ചംവിള ക്ഷേത്ര മേൽശാന്തി തിരുനെല്ലൂർ ബിജു പി. കാശിമഠം അനുഗ്രഹ പ്രഭാഷണവും നടത്തി. രഥയാത്ര ക്യാപ്റ്റൻമാരായ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർക്ക് പീത പതാക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
യോഗം ഡയറക്ടർ അഴൂർ ബിജു, പ്രകാശൻ, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്.എൻ.ട്രസ്റ്റ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സലിത, ലതികാപ്രകാശ്, പഞ്ചായത്തംഗം ബി.എസ്.അനൂപ്, സുന്ദരൻ കൊയ്ത്തൂർക്കോണം തുടങ്ങിയവർ പങ്കെടുത്തു.