* സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു*


  
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല.

ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.

ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.