കോഴിക്കോട് ആകെ 47 പേര്‍ക്കെതിരെ കേസെടുത്തു. കോര്‍പറേഷന്‍ ഓഫിസ്, കാട്ടിലപീടിക, വടകര എന്നിവിടങ്ങളില്‍ സമരം ചെയ്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. പിഴയും ചുമത്തി. കോഴിക്കോട് മൂടാടി പഞ്ചായത്തില്‍ കല്ലിടുന്നത് തടഞ്ഞ നാലുപേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആറുമാസം വരെ തടവു ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പത്തുപേര്‍ക്കെതിരെ കേസെടുത്തത്. ആലപ്പുഴ നൂറനാട് പടനിലത്ത് 20 പേര്‍ക്കെതിരെയാണ് കേസ്. കൊല്ലം ചാത്തന്നൂരില്‍ 11 പേരെ കരുതല്‍ തടങ്കലില്‍ വച്ചു.
പ്രതിഷേധമുള്ളയിടങ്ങളില്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടല്‍. കൊല്ലത്ത് വീടിന്‍റെ മതില്‍ ചാടിക്കടന്ന് ഉദ്യോഗസ്ഥര്‍ കല്ലിടുന്ന സാഹചര്യംവരെയുണ്ടായി. ഏഴു ജില്ലകളിലായി 21 വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. കണ്ണൂരില്‍ ഒമ്പത് വില്ലേജുകളിലായി 26.8 കിലോമീറ്റര്‍ ദൂരത്തില്‍ കല്ലിട്ടു. തൃശൂരും കാസര്‍കോടും മൂന്നും കൊല്ലത്തും എറണാകുളത്തും രണ്ടും വില്ലേജുകളില്‍ വീതം കല്ലിട്ടു. തിരുവനന്തപുരത്ത് ആറ്റിപ്ര വില്ലേജിലും കല്ലിടല്‍ പൂര്‍ത്തിയായി.
സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് അതിരുകല്ലിടല്‍ ഏറ്റവും മുന്നേറിയത്. പ്രതിഷേധം ശക്തമായ കോഴിക്കോട് ഒരു വില്ലേജില്‍ പോലും കല്ലിടല്‍ പൂര്‍ത്തിയാക്കാനായില്ല. കേസെടുത്ത് തളര്‍ത്താനാവില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നുമാണ് സമരസമിതിയുടെ നിലപാട്.