ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ പ്രവർത്തനാനുമതി ഇല്ലാതെ പ്രവർത്തിച്ചിരുന്ന നദാനിയാസ് ഡയഗ്‌നോസ്റ്റിക് ക്ലിനിക്ക് എന്ന സ്ഥാപനത്തിൽ നിന്നാണ് അവനവഞ്ചേരി സ്വദേശി അരുൺ.ആർ.വി ക്ക് തെറ്റായ കൊവിഡ് പരിശോധന ഫലം ലഭിച്ചത്. ഇലക്ട്രീഷ്യനായ ഇദ്ദേഹം ഗൾഫിലേക്ക് ജോലി തേടി പോകുന്നതിന് വേണ്ടിയാണ് ഇക്കഴിഞ്ഞ 21 ന് രാവിലെ നദാനിയാസ് ലാബിൽ കൊവിഡ് സ്രവ പരിശോധനക്ക് വിധേയനായത്. പരിശോധന ഫലം നെഗറ്റീവാണെന്ന വിവരം അന്നേ ദിവസം വൈകിട്ടോടെ ലാബ് അധികൃതർ അരുണിനെ അറിയിക്കുകയും ഇയാൾ ലാബിലെത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. പരിശോധനാ ഫലം ലഭിച്ചയുടനെ പട്ടണത്തിലെ ഒരു ട്രാവൽ ഏജൻസിയിലെത്തി 85000 രൂപ ചിലവിട്ട് ഈ മാസം 25 ന് വിമാന ടിക്കറ്റും ഇയാൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ ലാബ് അധികൃതർ അരുണിനെ ഫോണിലൂടെ ബന്ധപ്പെട്ട ശേഷം ആദ്യം നൽകിയ പരിശോധനാ ഫലം തെറ്റാണെന്നും താങ്കൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്നും അറിയിച്ചു. വിശദവിവരം ചോദിച്ച് മനസിലാക്കാൻ ലാബിലെത്തിയ അരുണിന്റെ പക്കൽ നിന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈക്കലാക്കി നശിപ്പിച്ചു കളയാനും ലാബിലെ ജീവനക്കാർ ശ്രമം നടത്തി.
ആകെ കുഴങ്ങിയ ഇദ്ദേഹം നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്.അനൂപിനെ വിവരമറിയിച്ചു. തുടർന്ന് അനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, കൗൺസിലർ എസ്.സുഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ എന്നിവരടങ്ങിയ സംഘം കിഴക്കേ നാലുമുക്ക് അയിലം റോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തി അധികൃതരോട് സംസാരിച്ചു. എന്നാൽ ലാബ് പ്രവർത്തിക്കുന്നതിന് വേണ്ട മതിയായ രേഖകളില്ല എന്ന് മനസിലാക്കിയ ഇവർ നഗരസഭ ആരോഗ്യ വിഭാത്തിലെത്തി അനുബന്ധ രേഖകൾ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന് ലൈസൻസ് ലഭിച്ചിട്ടില്ല എന്ന വസ്തുത ബോധ്യപ്പെട്ടത്. ഹെൽത്ത് സൂപ്പർവൈസർ എസ്.എസ്.മനോജ്, ജെ.എച്ച്.ഐ ഷെൻസി എന്നിവർ സ്ഥലത്തെത്തി നീയമപരമായ അനുമതി ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനം പൂട്ടിച്ചു. കൂടാതെ അരുണിന് ഉണ്ടായ സാമ്പത്തിക നഷ്ട്ടം പരിഹരിക്കുമെന്നും ലാബ് അധികൃതർ ഇവർക്ക് ഉറപ്പ് നൽകി. വിദേശ യാത്രകൾക്ക് ഉൾപ്പടെ ആവശ്യമായ പരിശോധനകൾ നടപ്പിലാക്കുമെന്ന പരസ്യ പ്രചാരണത്തോടെയാണ് ഈ സ്ഥാപനം പട്ടണത്തിൽ പ്രവർത്തിച്ചിരുന്നത്. സ്ഥാപനം സ്ഥിതി ചെയ്യു കെട്ടിടം ലാബിന്റെ പ്രവർത്തനത്തിന് അനുയോജ്യമായ ചുറ്റുപാടില്ലായിരുന്നു എന്ന പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നത്. ഇത്തരത്തിൽ നീയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.