കുടുംബശ്രീ ത്രിതല സംവിധാനത്തില്‍ പുതിയ സാരഥികളെ കണ്ടെത്താന്‍ ജനുവരി 7 മുതല്‍ 25 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും.
1065 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികള്‍ (സിഡിഎസ്) 19,489 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികള്‍ (എഡിഎസ്), 2,94,436 അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കി.
നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വര്‍ഷം ജനുവരി 26ന് അവസാനിച്ചിരുന്നു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയല്‍ക്കൂട്ടങ്ങള്‍, 133 ഊരുസമിതികള്‍, 4 പഞ്ചായത്ത് സമിതികള്‍ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇതേ ദിവസങ്ങളില്‍ നടക്കും.
അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 7 മുതല്‍ 13 വരെയും എഡിഎസുകളിലേക്ക് 16 മുതല്‍ 21 വരെയും നടത്തും. സിഡിഎസ് തിരഞ്ഞെടുപ്പ് 25നാണ്. ഓരോ അയല്‍ക്കൂട്ടത്തിനും 5 ഭാരവാഹികള്‍ വരും. മൊത്തം 14,72,180 പേര്‍.
ഓരോ എഡിഎസിനും 11 ഭാരവാഹികള്‍; മൊത്തം 2,14,379 പേര്‍. ഓരോ സിഡിഎസിനും ചെയര്‍പഴ്സനെയും തിരഞ്ഞെടുക്കും. ജനുവരി 26നു പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.കലക്ടര്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതല. 14 ജില്ലകളിലും വരണാധികാരികളെ തിരഞ്ഞെടുത്തിട്ടുണ്ട്.