*ആറ്റിങ്ങലിൽ തുടർച്ചയായി രണ്ടാം തവണ കൊവിഡ് ബാധിച്ച 57 കാരി മരിച്ചു*

ആറ്റിങ്ങൽ: നഗരസഭ മുൻ ചെയർമാനും സിപിഎം നേതാവുമായ എം.പ്രദീപിന്റെ ഭാര്യാ സഹോദരി കുമാരി സതി (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് പുലർച്ചെ 1 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് അൽപസമയത്തിനുള്ളിൽ ഇവർക്ക് മരണം സംഭവിച്ചു. മൃതശരീരത്തിൽ നിന്ന് ശേഖരിച്ച സ്രവം മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. കഴിഞ്ഞ മാസം ഇവർക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ഇവരും കുടുംബവും 2 ആഴ്ച മുമ്പാണ് രോഗമുക്തി നേടിയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗം ബാധിച്ചത് കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് മരണത്തിൽ കലാശിച്ചത്.

നഗരസഭ വാർഡ് 21 ചെറുവള്ളിമുക്ക് തെക്കേവിള വീട്ടിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ രവിയുടെ ഭാര്യയാണ് മരണപ്പെട്ട കുമാരി സതി. സർക്കാർ സർവ്വീസിൽ സേവനം അനുഷ്ടിച്ചിരുന്ന ഇവർ കഴിഞ്ഞ മെയ്യിലാണ് വിരമിച്ചത്. നടപടികൾ പൂർത്തിയാക്കി കൊവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

മകൾ : ശ്രീലക്ഷ്മി
മരുമകൻ : പ്രിൻസ്
ചെറുമകൾ : ആദി ലക്ഷ്മി