*ശിവഗിരി തീർത്ഥാടനം 30 മുതൽ, സമ്മേളനങ്ങൾ പതിവുനിലയിൽ നടക്കും

തിരുവനന്തപുരം. 89-ാമത് ശിവഗിരി തീർത്ഥാടനം 30,31, ജനുവരി 1 തീയതികളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമ്മേളനങ്ങളും കലാപരിപാടികളും നടക്കുകയെന്ന്‌ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഓൺലൈനായാണ് തീർത്ഥാടന യോഗങ്ങൾ നടത്തിയത്.

തീർത്ഥാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടുവിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്നങ്ങളെ ഉൾക്കൊണ്ടും 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശ്രീനാരായണഗുരുദേവൻ സ്ഥാപിച്ച മതമഹാപാഠശാലയായ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയോടനുബന്ധിച്ച് വിശേഷാൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

30 നു പുലർച്ചെ വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം നടക്കും. 7.30 ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 
10 ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്യും.
 ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മുൻ മന്ത്രിമാരായ തോമസ് ഐസക്, കെ. ബാബു എന്നിവർ മുഖ്യാതിഥികളാകും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗോകുലം ഗോപാലൻ, അഡ്വ. വി. ജോയി എം.എൽ.എ, അഡ്വ. വി.കെ. മുഹമ്മദ്, കെ.എം. ലാജി, അഡ്വ. കെ.ബി. മോഹൻദാസ് എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും തീർത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നന്ദിയും പറയും.
ഉച്ചയ്ക്ക് 12. 30 നു നടക്കുന്ന ആരോഗ്യസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ഡോ. ഇന്ദു പി.എസ്, ഡോ. എസ്.എസ്. ലാൽ, ഡോ. എസ്. സജീദ്, ഡോ. പി. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും. സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണങ്ങളുടെ വാല്യം ഒന്നും രണ്ടും പ്രകാശനം ചെയ്യും. ഉച്ചയ്ക്കു ശേഷം 3 ന് കൃഷി, കച്ചവടം, കൈത്തൊഴിൽ എന്നിവയെ ആസ്പദമാക്കി നടത്തുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ വനിതാകമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, സ്വാമി അസ്പർശാനന്ദ, കൃഷ്ണ മെക്കൻസി ഔറവിലെ, ഡോ. എം.ആർ. ശശീന്ദ്രനാഥ്, ടി. എസ്. ചന്ദ്രൻ, അരയക്കണ്ടി സന്തോഷ്, വി.കെ. പ്രശാന്ത് എം.എൽ.എ, ബിന്ദുകൃഷ്ണ എന്നിവർ പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ രചിച്ച 'ശ്രീനാരായണദർശനം 21-ാം നൂറ്റാണ്ടിൽ' എന്ന ഗ്രന്ഥം പ്രകാശനം ചെയ്യും.
വൈകിട്ട് 5നു ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഗുരുദേവന്റെ പ്രഥമശിഷ്യനായ സ്വാമി ശിവലിംഗദാസയുടെ പ്രശിഷ്യൻ സ്വാമി പരമാനന്ദഗിരി അദ്ധ്യക്ഷത വഹിക്കും. ശ്രീലശീ തിരു. ചിറ്റമ്പല ദേശിക ജ്ഞാന പ്രകാശ പരമാചാര്യൻ തെണ്ട മണ്ഡല ആദീനം മുഖ്യാതിഥിയാകും. ഗുരു മുനിനാരായണപ്രസാദ്, സ്വാമി നന്ദാത്മജാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പങ്കെടുക്കും.

ഡിസംബർ 31 നു പുലർച്ചെ 5ന് തീർത്ഥാടന ഘോഷയാത്ര നടക്കും. തുടർന്ന് ഡോ. ബി. സീരപാണിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 9.30നു തീർത്ഥാടനസമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി നിർമ്മലാസീതാരാമൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി വി.എൻ. വാസവൻ, എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളാകും. സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കെ. സുധാകരൻ എം.പി, അടൂർ പ്രകാശ് എം.പി, കെ. സുരേന്ദ്രൻ, എ.വി. അനൂപ്, കെ. മുരളീധരൻ, എം.ഐ. ദാമോദരൻ, കെ.ജി. ബാബുരാജൻ എന്നിവർ പ്രസംഗിക്കും. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ ആദരിക്കും.
12.30 ന് നടക്കുന്ന സാഹിത്യസമ്മേളനത്തിൽ അശോകൻ ചരുവിൽ അദ്ധ്യക്ഷത
വഹിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ബെന്യാമിൻ, എം.കെ. ഹരികുമാർ, കെ.പി. സുധീര, പി.കെ. ഗോപി, കെ. സുദർശനൻ, കവിതാരാമൻ, പ്രൊഫ. സഹൃദയൻ തമ്പി എന്നിവർ സംസാരിക്കും.
3 ന് നടക്കുന്ന ശാസ്ത്രസാങ്കേതിക സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി പി. അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. സോമനാഥ്, ബെന്നി ബെഹനാൻ എം.പി, ഡോ. നമ്പി നാരായണൻ, ഡോ. സജി ഗോപിനാഥ്, മിനി അനിരുദ്ധൻ, പി.കെ. സാബു എന്നിവർ പങ്കെടുക്കും .
6നു നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോ
പാൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ
കർദ്ദിനാൾ ബസേലിയസ് മാർ ക്ലിമീസ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, ബി. അശോക്, ബി. സുഗീത, മുത്തുലക്ഷ്മി, എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ടി.യു രാധാകൃഷ്ണൻ, സ്വാമി ഗോരക് നാഥ് എന്നിവർ പങ്കെടുക്കും.
ജനുവരി 1നു മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമാ പ്രതിഷ്ഠാദിനാഘോഷം നടക്കും.
രാവിലെ 7.30 ന് ശിവഗിരി ശാരദാമഠത്തിൽനിന്നു മഹാസമാധിയിലേക്കു 108 പുഷ്പകലശങ്ങളുമായി പ്രയാണവും തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകം, വിശേഷാൽ പൂജ എന്നിവയും നടക്കും. 9 ന് ശ്രീനാരായണപ്രസ്ഥാനസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. യു.കെ. ജനീഷ് കുമാർ എം.എൽ.എ, മോഹൻദാസ്, സോമരാജൻ സി.കെ, കെ. ശശിധരൻ, അശോക് വാസവ് തുടങ്ങിയവർ പങ്കെടുക്കും. 2ന് നടക്കുന്ന സാമൂഹിക നീതി അസമത്വവും പരിഹാരവും സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ജി. മോഹൻഗോപാൽ, ബിനോയ് വിശ്വം എം.പി, വി.ആർ. ജോഷി എന്നിവർ പങ്കെടുക്കും.
5ന് സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കർണ്ണാടക വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായൺ, കനിമൊഴി കരുണാനിധി എം.പി തുടങ്ങിയവർ സംസാരിക്കും.വാർത്താസമ്മേളനത്തിൽ തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി അമേയാനന്ദ, മീഡിയാക്കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജു, ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ എന്നിവർ പങ്കെടുത്തു.