*ശിവഗിരി തീർഥാടനം ഡിസംബർ 30 മുതൽ ജനുവരി 1 വരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തും*

*ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വി.ജോയി എം.എൽ.എ. സംസാരിക്കുന്നു*
ശിവഗിരി: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ശിവഗിരി തീർഥാടനം നടത്താൻ ശിവഗിരിയിൽ ചേർന്ന വിവിധ സർക്കാർ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം. ഡിസംബർ 15 മുതൽ ജനുവരി അഞ്ചുവരെ തീർഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും തീർഥാടകർക്കായി സജ്ജമാക്കും. ശരീര ഊഷ്മാവ് പരിശോധിച്ച് മാത്രമാകും മഠത്തിലേക്കു പ്രവേശനം അനുവദിക്കുന്നത്. തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ക്വാറന്റീൻ സൗകര്യമൊരുക്കും. അലോപ്പതിക്കു പുറമേ ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളുടെ സേവനവും 24 മണിക്കൂറും ലഭ്യമാക്കും.

ശിവഗിരിയിലേക്കുള്ള കല്ലമ്പലം, പാരിപ്പള്ളി, കടയ്ക്കാവൂർ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയി എം.എൽ.എ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കണമെന്നും കാപ്പിൽ, വർക്കല ബീച്ചുകൾ, ജനാർദനസ്വാമി ക്ഷേത്രക്കുളം എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ശിവഗിരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തീർഥാടനസ്ഥലത്തേക്കു മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനും പ്രകാശിക്കാത്ത വഴിവിളക്കുകൾ മാറ്റി പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകി. തീർഥാടനസ്ഥലത്ത് 24 മണിക്കൂറും ശുദ്ധജലവിതരണത്തിന് ജല അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കും.

ട്രാഫിക്കും തിരക്കും നിയന്ത്രിക്കുന്നതിന് 95 പോയന്റുകളിൽ പോലീസിനെ വിന്യസിക്കുംസി.സി.ടി.വി. നിരീക്ഷണ ക്യാമറാ സംവിധാനവും ഉണ്ടാകും. കെ.എസ്.ആർ.ടി.സി. ശിവഗിരിയിലേക്കുള്ള എല്ലാ റൂട്ടുകളിലും പ്രത്യേക സർവീസ് നടത്താനും തീരുമാനിച്ചു. സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാവിഭാഗം, ലീഗൽ മെട്രോളജി എന്നിവയുടെ പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനയുണ്ടാകും. എക്സൈസിന്റെ പട്രോളിങ്ങും ഷാഡോ ടീമും ഉണ്ടാകും. വർക്കല റെയിൽവേ സ്റ്റേഷനിലും ശിവഗിരിയിലും പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് റെയിൽവേ അറിയിച്ചു.

എ.ഡി.എം. ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർഥ, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ ടി.കെ.വിനീത്, വർക്കല ഡിവൈ.എസ്.പി. പി.നിയാസ് ഉൾപ്പെെടയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.