ഓരോ നികുതി വർദ്ധനവും ബാധിക്കുന്നത് ആത്യന്തികമായി ഇവിടെയുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയാണ്.മാസം തോറും കിട്ടുന്ന വരുമാനത്തിനനുസൃതമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവർക്ക് ഈ അധിക നികുതി ചുമത്തൽ ഒരു ഇരട്ട പ്രഹരമാവും എന്നതിൽ സംശയമില്ല.പ്രത്യേകിച്ച് ഈ കോവിഡ് കാല ഘട്ടത്തിലൂടെ കടന്നു പോവുന്ന പൊതു സമൂഹത്തിനെ വിലയിരുത്തുമ്പോൾ പല ആളുകൾക്കും ദിവസങ്ങളും മാസങ്ങളും വരെ തൊഴിൽ നഷ്ടപെട്ട സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ മാറി വീണ്ടും മുന്നേറാനുള്ള പ്രത്യാശയുടെ ചെറിയ വെളിച്ചത്തിലൂടെ കടന്നു പോവുമ്പോൾ ഭരണകൂടത്തിൽ നിന്നും ഇത്തരത്തിലുള്ള സമീപനങ്ങൾ തികച്ചും അപലപനീയമാണ്.
കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധിയിലായ വ്യാപാരികളെയും പൊതു ജനങ്ങളെയും വീണ്ടും പഴയ രീതിയിലേക്ക് എത്തിക്കുന്നതിനോ അല്ലെങ്കിൽ അതി ജീവനത്തിനോ സഹായിക്കുന്നതിനു പകരം വീണ്ടും കാലിയായ പോക്കറ്റിൽ നിന്നും എന്തിനാണ് ഇത്തരത്തിലുള്ള കൊള്ള നികുതി ചുമത്തി പണം ഈടാക്കുന്നത്. ഈ ഒരു നികുതി പരിഷ്‌ക്കാരം കൊണ്ട് മാത്രം ഏകദേശം 140 % വർദ്ധനവാണ് നികുതിയിനത്തിൽ ഈടാക്കാൻ പോവുന്നത് ഇത്തരം ഒരു നീക്കത്തിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കോടി കണക്കിന് രൂപയുടെ അധിക ലാഭമാണ് ലഭിക്കാൻ പോവുന്നത്.ഇത്രയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഇങ്ങനെയൊരു സമീപനത്തിൻെറ ആവശ്യകത സർക്കാരുകൾ പുനർ ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്
ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇത്രയും പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോൾ ഒരു തോർത്ത് മുണ്ടിനു പോലും ഈ നികുതി പരിഷ്കരണത്തിലൂടെ 10 രൂപ മുതൽ 15 രൂപ വരെ അധിക ചിലവ് വരുത്തുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്തിനേറെ പറയുന്നു മരിച്ചു കഴിഞ്ഞാൽ (മരണാനന്തരം) മൃദദേഹത്തിൽ പൊതിയുന്ന വെള്ള തുണിക്ക് പോലും നികുതി ചുമത്തി അധിക ലാഭം കൊയ്യുന്ന ഇത്തരം നടപടികൾ പൊതു സമൂഹം എതിർക്കേണ്ടതിന്റെ ആവശ്യകതെയാണ് ഇവിടെ ചൂണ്ടി കാട്ടുന്നത്.കൂടാതെ ഇതിലുപരി നിരവധി പ്രശ്നങ്ങൾ വ്യാപാര സമൂഹത്തിനും ഈ ഒരു നികുതി പരിഷ്കരണത്തിലൂടെ സംഭവിക്കുന്നുണ്ട്.
കൃഷി കഴിഞ്ഞാൽ, രാജ്യത്തിന്റെ ജിഡിപിയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നതും യുവാക്കൾക്ക് ഏറ്റവും വലിയ തൊഴിൽ ദാതാവിനെ സൃഷ്ടിക്കുന്നതും ടെക്സ്റ്റൈൽ വ്യവസായമാണ്. ടെക്‌സ്‌റ്റൈൽ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി സർക്കാർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്‌കീം (പിഎൽഐ) പ്രഖ്യാപിച്ചു, അതേ സമയം, ജിഎസ്ടി നിരക്കിലെ ഈ വർദ്ധനവ് മില്ലുകൾക്കുള്ള വായ്പാ പദ്ധതിയുടെ പ്രയോജനം ഇല്ലാതാക്കും. ടെക്‌സ്‌റ്റൈൽ, പാദരക്ഷ വ്യവസായത്തിൽ എംആർപി വിലയിലാണ് സാധനങ്ങൾ വിൽക്കുന്നത്. ഈ സാഹചര്യത്തിൽ, കോടിക്കണക്കിന് രൂപയുടെ സ്റ്റോക്കുള്ള വ്യാപാരികൾക്ക് നികുതി നിരക്ക് പെട്ടെന്ന് വർധിപ്പിച്ച് പ്രാബല്യത്തിൽ വരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. പകർച്ചവ്യാധികൾ മൂലം ടെക്‌സ്‌റ്റൈൽ മേഖലയും സാമ്പത്തിക മാന്ദ്യത്തിന്റെ വലിയ ആഘാതം നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, നികുതി നിരക്കിലെ ഈ വർദ്ധനവ് ഈ മേഖലയ്ക്ക് അന്തിമ പ്രഹരമാകും. RAI (റീടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ സർവേ പ്രകാരം, മിക്ക റീട്ടെയിലേഴ്‌സ് സ്റ്റോറുകളും ഇപ്പോഴും കോവിഡിന് മുമ്പുള്ള വളർച്ചയുടെ 60-65% പുറകിലെ നിലയിലാണെന്ന് സൂചിപ്പിക്കുന്നു. മിക്ക സൂചകങ്ങളും ചൂണ്ടിക്കാണിക്കുന്നത് 2022-ന്റെ അവസാനമാണ്, വ്യവസായത്തിന് അതിന്റെ കോവിഡിന് മുമ്പുള്ള നിലകൾ കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ നികുതിയിലെ ഏതൊരു വർധനയും വ്യാപാരത്തിന് വിനാശകരമായിരിക്കും എന്നതിൽ സംശയമില്ല.
കൂടാതെ, നൂൽ, തുണി, ഇന്ധനം, പാക്കേജിംഗ് സാമഗ്രികൾ, ഗതാഗതം, തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വൻതോതിലുള്ള വില വർദ്ധനവ്, ഉൽപ്പന്നത്തിന്റെ അന്തിമ വിലയിൽ ഇതിനകം 15-20% വില വർദ്ധനവ് വ്യവസായം കണ്ടു, ഉപഭോക്താവ് ഇതിനകം തന്നെ വലയുകയാണ്. തൊഴിൽ നഷ്‌ടങ്ങൾ, വേതന വെട്ടിക്കുറവുകൾ, സാമൂഹികവും വ്യക്തിപരവുമായ ആഘാതങ്ങൾ എന്നിവയ്‌ക്കൊപ്പം. വിലയിൽ 7% കൂടി ചേർക്കുന്നത് ഉപഭോഗത്തിൽ വളരെ ഗുരുതരമായ ഇടിവിലേക്കോ വിലകുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ ചരക്കുകളിലേക്ക് മാറുന്നതിലേക്കോ നയിക്കും, കൂടാതെ ഉദ്യോഗസ്ഥരും നികുതിദായകരും തമ്മിലുള്ള അഴിമതിക്കും നിരന്തരമായ സംഘർഷത്തിനും ഇടയാക്കും. ഫാം മുതൽ കോട്ടൺ വരെ പൂർത്തിയായ ഉപഭോക്തൃ വസ്ത്രങ്ങൾ വരെ, ടെക്സ്റ്റൈൽ വ്യവസായം 20 മൂല്യവർദ്ധന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അതിനാൽ അവസാന ഘട്ടത്തിലെ ഈ 12% നിരക്ക് വളരെ കുത്തനെയുള്ളതും നീതീകരിക്കപ്പെടാത്തതുമായിരിക്കും.
ഭക്ഷണം പോലെ തന്നെ അവശ്യ വിഭാഗത്തിൽ പെട്ട തുണിത്തരങ്ങളെ കൊള്ള നികുതി ചുമത്തി സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രധിഷേധം സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.ഈ നിയമം പിൻവലിക്കുന്ന വരെ സമരം ചെയ്യേണ്ടതായി വരുകയാണ്.പൊതു ജനങ്ങൾ മുഴുവൻ ഒറ്റ സ്വരത്തിൽ ഇതിനെ എതിർക്കേണ്ടതുമാണ് കർഷക സമരം പോലെ തന്നെ വിജയം വരേയ്ക്കും ഇതിൽ നിന്നും പിന്മാറാതെ പൊതു സമൂഹം മുഴുവൻ ഞങ്ങളുടെ ഈ സമരത്തിന് ഈ സാഹചര്യത്തിൽ പൂർണ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.🙏🏼🙏🏼