രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം ഈ മാസം 21 മുതല്‍

തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം ഈ മാസം 21 മുതല്‍. 21നു കണ്ണൂര്‍ വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും.മന്ത്രി എംവി ഗോവിന്ദനാണു കണ്ണൂരില്‍ മിനിസ്റ്റര്‍ ഓണ്‍ വെയ്റ്റിങ്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, കണ്ണൂര്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരും സ്വീകരിക്കാനുണ്ടാകും.

കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദ സമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നു തന്നെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതിയെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 22നു കൊച്ചി നേവല്‍ ബേസിലെ പരിപാടികള്‍ക്കു ശേഷം 23നു രാവിലെ തിരുവനന്തപുരത്തെത്തും.

പൂജപ്പുരയില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച പിഎന്‍ പണിക്കരുടെ പ്രതിമ 11.30ന് അനാഛാദനം ചെയ്ത ശേഷം പൂജപ്പുര മൈതാനത്തു പൊതുസമ്മേളനത്തിലും പ്രസംഗിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, മന്ത്രി വി ശിവന്‍കുട്ടി, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഉപദേശകന്‍ പിജെ കുര്യന്‍, പ്രതിമ നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 24നു രാവിലെ രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങും.