ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറയുന്നു. സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് 'ഭൂമിയില്‍ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ.
*പ്രിയ സുഹൃത്തേ,*
*ക്രിസ്തുമസ് പ്രമാണിച്ച് ഇന്ന് ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തയും (ടെക്സ്റ്റ് & വീഡിയോ) ശുഭരാത്രിയും ഉണ്ടായിരിക്കുന്നതല്ല. സദയം സഹകരിക്കുക*
🔳കേരളത്തിലെ കൊവിഡ് കേസുകളില്‍ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഇപ്പോഴുമുള്ളത്.
🔳സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 37 ആയി. അതേസമയം സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യു.കെയില്‍നിന്നു വന്ന എറണാകുളം സ്വദേശിയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.
🔳എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാന്‍ വധക്കേസിലെ കൊലയാളിസംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചംഗസംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ അഞ്ചുപേരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
🔳ആര്‍എസ്എസ് പ്രവര്‍ത്തന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലങ്കോട് സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ഷാജഹാനടക്കം അഞ്ചുപേരാണ് കേസില്‍ ഇത് വരെ പിടിയിലായത്. കേസില്‍ മറ്റ് നാല് പേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നിവര്‍ക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇവര്‍ നാല് പേരും എസ്ഡിപിഐ - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് സഭയുടെ അനുമതി തേടുമെന്ന് ഭാര്യ ഉമ തോമസ്. ചിതാഭസ്മത്തിന്റെ ഒരു ഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും ഉമ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരും കൂടെ നിന്നു. ഒരു രാജാവിനെ പോലെ ആണ് പി.ടിയെ തിരിച്ചയച്ചതെന്ന് പറഞ്ഞ ഉമ തോമസ്, അവസാനം വരെ പിടിയോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു
🔳തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ അന്വേഷണം. കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ നടന്ന പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്.
🔳രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിലെ പ്രോട്ടോക്കോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണെന്ന് സുരേന്ദന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ശുചിമുറിയില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
🔳പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്നാണവശ്യത്തില്‍ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിര്‍ദ്ദേശം. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു.
🔳ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെന്നല്ല ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാര്‍ത്തി നല്‍കിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏതു കമ്പനിയ്ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കല്‍ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
🔳സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചാല്‍ അഡ്മിന്മാര്‍ക്കെതിരേയും കേസ് വരും. ഇത്തരത്തിലുള്ള സന്ദേശങ്ങളും വ്യാജവാര്‍ത്തകളും കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.
🔳തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ നടപടിയുമായി പൊലീസ്. 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്.
🔳ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി. എടപ്പാള്‍ പ്രദേശത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ചങ്ങരംകുളം പോലീസില്‍ ചൈല്‍ഡ് ലൈന്‍ മുഖേനപരാതി നല്‍കിയത്.
🔳വഡോദരയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് വയസ്സുകാരിയടക്കം നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ അപകടമുണ്ടായത്.
🔳പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പൊലീസ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഗഗന്‍ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗന്‍ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തില്‍ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന ഫോണും സിം കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഗഗന്‍ ദീപിനെ 2019 ല്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാള്‍ മയക്ക് മരുന്ന് കേസില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
🔳വ്യക്തമായ ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത് സര്‍വ്വേ ഫലം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ നടത്തിയ സര്‍വ്വേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 233 മുതല്‍ 252 സീറ്റുവരെ നേടിയാകും ബിജെപി വീണ്ടും അധികാരത്തിലെത്തുക. സമാജ്വാദി പാര്‍ട്ടിക്ക് 135 മുതല്‍ 149 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയാണ് സര്‍വ്വേയില്‍ വ്യക്തമാവുന്നത്. കോണ്‍ഗ്രസ് ഒറ്റ അക്കത്തില്‍ ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ആറ് സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങാനാണ് സാധ്യത. മായാവതിയുടെ ബിഎസ്പിക്ക് 11 മുതല്‍ 12 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വ്വേ വിലയിരുത്തുന്നു.
🔳ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലികാശ്വാസം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിലാണ് സമവായമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്.
🔳എഐഎംഐഎം പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം വിവാദത്തില്‍. പൊലീസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. പ്രസംഗം വിവാദമായതോടെ ഒവൈസി വിശദീകരണവുമായി രംഗത്തെത്തി. 45 മിനിറ്റ് നീണ്ട പ്രസംഗത്തിലെ ഒരു മിനിറ്റ് മാത്രമെടുത്ത് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ഹരിദ്വാറിലെ വംശഹത്യ പരാമര്‍ശങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു. പൊലീസ് അടിച്ചമര്‍ത്തലിനെക്കുറിച്ചാണ് താന്‍ സംസാരിച്ചന്നും കലാപാഹ്വാനവും ഭീഷണിയും താന്‍ നടത്തിയിട്ടില്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു.
🔳മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യ പ്രകടനമായി കാണാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യ ലംഘനവും ഇസ്ലാം മത വിശ്വാസികളായ ആളുകളുടെ വിശുദ്ധ വികാരങ്ങളെ താഴ്ത്തിക്കെട്ടുന്നതുമാണ്. തന്റെ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്റെ പരാമര്‍ശം.
🔳ഇനി ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ സ്പിന്‍ ബൗളിങ്ങ് നേരില്‍ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.
🔳ജയിച്ചാല്‍ ആദ്യ നാലില്‍ എത്താമായിരുന്ന ഒഡീഷ എഫ് സിക്ക് ഐഎസ്എല്ലില്‍ ഗോവക്കെതിരെ സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ ഇവാന്‍ ഗോണ്‍സാലോസിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയില്‍ ജൊനാഥന്‍ ജീസസിന്റെ ഗോളിലൂടെയാണ് ഒഡീഷ സമനില പിടിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 55,928 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3281 പേര്‍ രോഗമുക്തി നേടി. ഇതോടെ 25,586 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46.
🔳ആഗോളതലത്തില്‍ ഇന്നലെ 7,63,241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,52,593 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,22,186 പേര്‍ക്കും റഷ്യയില്‍ 24,703 പേര്‍ക്കും ഫ്രാന്‍സില്‍ 94,124 പേര്‍ക്കും ജര്‍മനിയില്‍ 24,703 പേര്‍ക്കും ഇറ്റലിയില്‍ 50,599 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.42 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,236 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 559 പേരും റഷ്യയില്‍ 998 പേരും പോളണ്ടില്‍ 596 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.06 ലക്ഷമായി.
🔳സ്വര്‍ണാഭരണ കയറ്റുമതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണാഭരണ കയറ്റുമതി മൂല്യം 27.76 ശതമാനം കുറഞ്ഞ് 6137.17 ദശലക്ഷം ഡോളറായി. അലങ്കാരമല്ലാത്ത സ്വര്‍ണ ആഭരണങ്ങളുടെ കയറ്റുമതി 59.43 ശതമാനം കുറഞ്ഞ് 2487.03 ഡോളറും, സ്റ്റ്ഡെഡ് സ്വര്‍ണ്ണ ആഭരങ്ങളുടെ കയറ്റുമതി 54.33 ശതമാനം വര്‍ധിച്ച് 3650.14 ഡോളറായി. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 95.53 ശതമാനം ഉയര്‍ന്ന് 1691.86 കോടി ഡോളര്‍ രേഖപ്പെടുത്തി. രത്നങ്ങളും സ്വര്‍ണ-വെള്ളി എല്ലാം ഉള്‍പ്പെട്ട ആഭരണ കയറ്റുമതി 3.54 ശതമാനം വര്‍ധിച്ച് രാജ്യത്തിന് 26 .04 ശത കോടി ഡോളറായി. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
🔳ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളും നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനിയായ ഭാരത് എഫ്‌ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു. ഐപിഒയ്ക്കുവേണ്ടി സെബിയില്‍ പത്രിക സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫര്‍ ഫോര്‍ സെയില്‍വഴി 2,500 കോടിയും ഓഫര്‍ ഫോര്‍ സെയില്‍വഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക.
🔳തമിഴ് സിനിമ 'ബ്ലഡ് മണി' കേരളത്തില്‍ തരംഗമാകുന്നു. യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിക്കുന്ന രംഗമാണ് യൂത്ത് ലീഗിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കുവൈറ്റ് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമ പ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 2017ല്‍ ആയിരുന്നു മാലതിയ്ക്കും കുടുംബത്തിനും മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ പണം സമാഹരിച്ച് കൊടുത്തത്. ഇതിന് പിന്നാലെ അത്തിമുത്തു ജയില്‍ മോചിതനാകുകയായിരുന്നു. സീ5ല്‍ പുറത്തിറങ്ങിയ ചിത്രം കെ.എം സര്‍ജുന്‍ ആണ് സംവിധാനം ചെയ്തത്.
🔳ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത 'മലയന്‍കുഞ്ഞി'ന്റെ ട്രെയ്ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. 2022 ഫെബ്രുവരി റിലീസ് ആണ് ചിത്രം.
🔳ആക്സിലറേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം ഹ്യുണ്ടായ് മോട്ടോര്‍ 2,679 യൂണിറ്റ് അയോണിക്ക് ഇവി കള്‍ക്കായി സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചു. ഈ തകരാറിന്റെ ഫലമായി പരിമിതമായ സാഹചര്യങ്ങളില്‍, പെഡല്‍ പുറത്തിറങ്ങിയതിന് ശേഷവും വേഗത കുറഞ്ഞതും ഉദ്ദേശിക്കാത്തതുമായ ആക്സിലറേഷന്‍ ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ജനുവരി 21 നും 2019 ജൂണ്‍ 24 നും ഇടയില്‍ നിര്‍മ്മിച്ച, മോഡല്‍ വര്‍ഷം 2017-2019 വാഹനങ്ങളായി വിറ്റ വാഹനങ്ങളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനി എഞ്ചിനീയര്‍മാര്‍ വാഹനത്തിന്റെ ഇലക്ട്രിക് പവര്‍ കണ്‍ട്രോള്‍ യൂണിറ്റ് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യും. ഈ സേവനം തികിച്ചും സൗജന്യമാണ്.
🔳ജലാലുദ്ദീന്‍ റൂമി, ഷാംസ് തബ്രേസ് എന്നീ മഹാപ്രതിഭകളായ പേഴ്സ്യന്‍ സൂഫി കവികളുമായി നിരൂപകര്‍ താരതമ്യം ചെയ്യാറുള്ള ബുള്ളേ ഷായുടെ കവിതകള്‍. 'ദൈവത്തിന്റെ അനന്തസമുദ്രം നീന്തിക്കടന്നയാള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ബുള്ളേ ഷായുടെ എക്കാലവും പ്രസക്തമായ ഈ കവിതകള്‍ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരേ ആത്മാവിന്റെ സ്വാത്രന്ത്യം പ്രഖ്യാപിക്കുന്നു. സച്ചിദാനന്ദന്‍ പരിഭാഷപ്പെടുത്തിയ ബുള്ളേ ഷാ കവിതകളുടെ സമാഹാരം. മാതൃഭീമി. വില 112 രൂപ.
🔳കോവിഡ് അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് യൂറോപ്പില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. രോഗമുക്തരായി മാസങ്ങള്‍ക്ക് ശേഷവും ബീജകോശങ്ങളുടെ എണ്ണം ചില പുരുഷന്മാരില്‍ കുറഞ്ഞു തന്നെയിരിക്കുന്നതായി ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റൈറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ബീജത്തിന്റെ എണ്ണം കുറഞ്ഞിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ചിലരില്‍ ഇത് പിന്നെയും നീളാം. എന്നാല്‍ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഇതിലൂടെ കോവിഡ് പകരുന്നില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. രോഗമുക്തിക്ക് ഒരു മാസത്തിനുള്ളില്‍ 35 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ച് പരിശോധന നടത്തിയതില്‍ 60 ശതമാനത്തിലും ബീജത്തിന്റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. 37 ശതമാനത്തില്‍ ബീജത്തിന്റെ എണ്ണത്തിലും കുറവുണ്ടായതായി നിരീക്ഷിച്ചു. രോഗമുക്തിക്ക് ഒന്നു മുതല്‍ രണ്ട് വരെ മാസങ്ങള്‍ക്കുള്ളില്‍ 51 പുരുഷന്മാരില്‍ നടത്തിയ പരിശോധനയില്‍ 37 ശതമാനത്തില്‍ ബീജത്തിന്റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായും 29 ശതമാനത്തില്‍ ബീജത്തിന്റെ എണ്ണം കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി. രോഗമുക്തിക്ക് രണ്ട് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഇത് യഥാക്രമം 28 ശതമാനവും ആറു ശതമാനവുമായി. എന്നാല്‍ കോവിഡ് രോഗബാധയുടെ തീവ്രതയും ബീജത്തിന്റെ ഗുണവുമായി ബന്ധം കണ്ടെത്താനായില്ല. കോവിഡ് മൂലം പുരുഷന്മാരുടെ ബീജകോശങ്ങള്‍ക്ക് സ്ഥിരമായ നാശം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള മറ്റൊരു പഠനവും യൂറോപ്പില്‍ പുരോഗമിക്കുന്നുണ്ട്.
*ശുഭദിനം*
ഗലീലിയകടലില്‍ നിന്ന് ഒരു വള്ളം കരയക്ക് കയറി വന്നു. ആ വള്ളത്തില്‍ നിന്ന് പത്രോസും സുഹൃത്തും ഇറങ്ങി. അവരുടെ മുഖം നിരാശപൂണ്ടതായിരുന്നു. വലയും വള്ളവും എല്ലാം ഒഴിഞ്ഞിരുന്നു. യേശു അവര്‍ക്കരികിലേക്ക് എത്തി. നിരാശയില്‍ നിന്ന അവരുടെ മുഖത്ത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു. യേശു അവരുടെ ഒഴിഞ്ഞ വള്ളത്തില്‍ കയറി നിന്നു. എന്നിട്ട് വള്ളം അല്പം കൂടി കടലിലേക്ക് ഇറക്കുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പത്രോസിനോട് പറഞ്ഞു: കുറച്ചുകൂടി ആഴത്തിലേക്ക് നീങ്ങി, മീന്‍പിടിക്കാന്‍ വലയെറിയുക... അപ്പോള്‍ പത്രോസ് പറഞ്ഞു: ഗുരോ, ഞങ്ങള്‍ ഇവിടെ ഒരു രാത്രിമുഴുവന്‍ ചിലവഴിച്ചതാണ്. ഞങ്ങള്‍ക്ക് ഒന്നും തന്നെ കിട്ടിയല്ല. ഞാന്‍ ചെറുപ്പം മുതല്‍ മത്സബന്ധനം നടത്തുന്നയാളാണ്. എനിക്കീ കടലിന്റെ മുക്കും മൂലയും അറിയാം. മത്സ്യങ്ങള്‍ ചേരുന്ന സ്ഥാനവും അവയുടെ ഗതിവിഗതികളും എല്ലാം നല്ല നിശ്ചയവുമുണ്ട്. പക്ഷേ, ഇവിടെയൊന്നും ഒരു മത്സ്യത്തെപോലും ഞങ്ങള്‍ക്ക് ലഭിച്ചില്ല. പക്ഷേ, അങ്ങ് പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാന്‍ തയ്യാറാണ്... പിന്നീട് അവര്‍ വലയിറക്കിയപ്പോള്‍ ധാരാളം മത്സ്യങ്ങളെ അവര്‍ക്ക് കിട്ടി. ഒരു ഉദ്യമത്തില്‍ പരാജയപ്പെട്ടാല്‍ നിരാശ ബാധിച്ചു പിന്മാറിപ്പോകുന്നവര്‍ കുറവല്ല. തന്റെ സമയവും, അധ്വാനവും, പണവും എല്ലാം പാഴായിപ്പോയെന്ന പരാജയബോധം അവരെ പിടികൂടുന്നു. ആ പദ്ധതി തന്നെ വീണ്ടും ചെയ്യുന്നത് വിഢ്ഢിത്തമാണെന്ന് കരുതി ചിലര്‍ അതവിടെ ഉപേക്ഷിക്കുന്നു. പക്ഷേ, മറ്റു ചിലരാകട്ടെ, ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടാലും പിന്മാറാതെ, കൂടുതല്‍ ജാഗ്രതയോടെ, ആസൂത്രണത്തോടെ, നിറഞ്ഞ പ്രതീക്ഷയോടെ വീണ്ടും വീണ്ടും ആരംഭിക്കുന്നു. വിജയത്തിന് ചിലപ്പോള്‍ അന്ത്യം സംഭവിച്ചേക്കാം.. പക്ഷേ, പരാജയം ഒരിക്കലും അന്ത്യമായി കാണരുത്. നമുക്ക് പിന്മാറാതെ മുന്നേറാം... പ്രതീക്ഷയുടെ ക്രിസ്തുമസ്സ് കാലത്തിലൂടെ - ക്രിസ്തുമസ്സ് ആശംസകള്‍.🎁🎁🎁🌟⭐🎅🤶🌟