ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കർഷക യൂണിയന്റെ മാർച്ച്; തടഞ്ഞ് പൊലിസ്

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കർഷക യൂണിയൻ. കർഷക യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് നടത്തിയ മാർച്ച് കുമളിക്ക് സമീപം ലോവർ ക്യാംപിൽ തമിഴ്‌നാട് പൊലീസ് തടഞ്ഞു. കർഷകരുടെ നേതൃത്വത്തിൽ ലോവർ ക്യാംപിലെ ജോൺ പെന്നിക്വിക്കിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം കേരളം ആവര്‍ത്തിക്കുമ്പോള്‍ ജലനിരപ്പ് 152 അടിയായി ഉയർത്തണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട്. ഗൂഡല്ലൂരിൽ ഈ ആവശ്യം ഉന്നയിച്ച് കർഷകർ പൊങ്കാല നടത്തി. പ്രതിഷേധ മാർച്ച് ലോവർ ക്യാംപിൽ പൊലീസ് തടഞ്ഞു. ഇതോടെ കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിക്കണം എന്നാണ് മറ്റൊരാവശ്യം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ തമിഴ്നാട് സർക്കാർ ഉടൻ പരിഹരിക്കും എന്ന ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചത്.