15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ വാക്‌സിനേഷനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ല. കുട്ടികള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികള്‍ക്ക് കോവാക്‌സിനായിരിക്കും നല്‍കുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഒമിക്രോണ്‍ പശ്ചാത്തലത്തതില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 9 മാസങ്ങള്‍ക്ക് ശേഷമാണ് കരുതല്‍ ഡോസ് നല്‍കുന്നത്.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും ആയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 4.67 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക. തിരക്കൊഴിവാക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്.