*12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍, നടുങ്ങി ആലപ്പുഴ; ഇന്നും നാളെയും നിരോധനാജ്ഞ, അപലപിച്ച് മുഖ്യമന്ത്രി*

*ആലപ്പുഴ :* മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകവാർത്തകൾ കേട്ടതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. ദിവസങ്ങൾക്ക് മുമ്പ് ചില ഗുണ്ടാആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസരപ്രദേശങ്ങളിലുണ്ടായിരുന്നെങ്കിലും മണിക്കൂറുകൾക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങൾക്ക് നാട് സാക്ഷിയാകേണ്ടിവരുന്നത് ആദ്യം.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ദേഹമാസകലം 40-ഓളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.

ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ് രഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊന്നത്.

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ അക്രമികൾ വാതിലിൽ മുട്ടുകയും വാതിൽ തുറന്നതിന് പിന്നാലെ രഞ്ജിത്തിനെ വീട്ടിൽക്കയറി ഹാളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ് കൊല്ലപ്പെട്ട രഞ്ജിത്.

ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു.

അതിനിടെ, ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പർ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികൾ വന്ന വാഹനത്തിന്റെ ചില സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.