പാലോട് : ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന കാർഡ് ഉടമയുടെ പരാതിയിൽ റേഷൻ കടയിൽ ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിലിന്റെ മിന്നൽ പരിശോധന. പാലോട് എ.ആർ ഡി 117 - ആം നമ്പർ ലൈസൻസി ക്കെതിരെ ഒരു ഉപഭോക്താവ് നൽകിയ പരാതിയിൽ 24 മണിക്കൂറിനുള്ളിലാണ് മന്ത്രി പരിശോധനയ്ക്ക് എത്തിയത്.
വിതരണത്തിന് വച്ചിട്ടുള്ള അരിച്ചാക്കുകളും ഗോതമ്പും പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയ മന്ത്രി, രേഖകളും പരിശോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. തിങ്കളാഴ്ച വൈകിട്ട് റേഷൻ വാങ്ങാനെത്തിയ ഉപഭോക്താവ് , കടയിൽ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്തത് ചോദ്യം ചെയ്തപ്പോൾ വേണമെങ്കിൽ എടുത്തു കൊണ്ടുപോ എന്നായിരുന്നു കടയുടമയുടെ മറുപടി.
ഇതു സംബന്ധിച്ച് കാർഡുടമ മന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ പാലോട് തെന്നൂരിൽ പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി അപ്രതീക്ഷിതമായി ആരോപണ വിധേയമായ കടയിൽ പരിശോധനയ്ക്ക് ഇറങ്ങുകയായിരുന്നു. പരാതി അന്വേഷിക്കാൻ മന്ത്രി എത്തിയതറിഞ്ഞ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പൊലീസുകാരും ഓടിയെത്തി. നാട്ടുകാർ തടിച്ചു കൂടി.
ഉപഭോക്താക്കളോടു മാന്യമായി പെരുമാറാൻ ഉപദേശിച്ച മന്ത്രി, ഭക്ഷ്യയോഗ്യമല്ലാത്ത ഉല്പന്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിതരണം ചെയ്യരുതെന്നും റേഷനിംഗ് ഉദ്യോഗസ്ഥരെ അക്കാര്യം ധരിപ്പിച്ച് ഭക്ഷ്യധാന്യം മാറ്റി വാങ്ങണമെന്നും നിർദേശിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ള താണെന്ന് ഉറപ്പു വരുത്താൻ സിവിൽ സപ്ലെസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയകുമാർ , താജുദീൻ, സുനിത ബി.നായർ , ഷംല . ഷംസുദ്ദീൻ, അനിതകുമാരി എന്നിവർ മന്ത്രിയുടെ മിന്നൽ പരിശോധന അറിഞ്ഞ് സ്ഥലത്തെത്തി. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കടകളിലും അടിയന്തര പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ വ്യക്തമാക്കി.