ആറ്റിങ്ങൽ: നഗരസഭ വാർഡ് 6 തുണ്ടിൽ കോളനിയിൽ സുരേന്ദ്രൻ ബേബി ദമ്പതികളുടെ വീടാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗൃഹനാഥനായ 75 കാരൻ സുരേന്ദ്രൻ ആസ്ത്മ രോഗിയും ഭാര്യ ബേബി (65) മറവി സംബന്ധമായ രോഗത്തിന് അടിമയുമാണ്. മകൾ ഷീബയും മരുമകൻ രാജുവും ഇവരുടെ 2 ആൺകുട്ടികളും ഉൾപ്പടെ 6 പേരടങ്ങുന്ന നിർധന കുടുംബമാണ് പെരുവഴിയിലായത്. ഓട്ടോ റിക്ഷാ തൊഴിലാളിയായ രാജുവിന്റെ തുച്ഛമായ വരുമാനത്തിലാണ് വീട്ടിലെ നിത്യവൃത്തിയും കുട്ടികളുടെ വിദ്യാഭ്യാസവും ഇവർ തള്ളിനീക്കുന്നത്. കുട്ടികളിൽ മൂത്തവൻ പോളിടെക്നിക്കും രണ്ടാമൻ ഹൈസ്കൂൾ വിദ്യാർത്ഥിയുമാണ്. നാൽപ്പത്തിയഞ്ച് വർഷം പഴക്കമുള്ള ഈ വീടിന്റെ പിൻവശം മുഴുവനായും കിടപ്പ് മുറി ഉൾപ്പെടുന്ന ഭാഗത്തെ ഭിത്തികളിൽ വിള്ളലുകൾ സംഭവിച്ച് ഭാഗീകമായും തകർന്നു. വീട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നീരുറവ ഉള്ളത് കാലപ്പഴക്കമുളള ഈ കെട്ടിടത്തിന്റെ ബലക്ഷയം കൂട്ടുന്നു. അപകടഭീതി കണക്കിലെടുത്ത് വീട്ടുകാരെയും വളത്തു മൃഗങ്ങളെയും സാധന സാമഗ്രികളും അവിടെ നിന്ന് മാറ്റാനുള്ള അടിയന്തിര നടപടി സ്വീകരിച്ചു. നിലവിൽ ഇവർ സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഭവന പദ്ധതിയിൽ ഉൾപ്പെടാത്തത് നീയമപരമായ സഹായങ്ങൾ ലഭ്യമാക്കാൻ ഏറെ വെല്ലുവിളി ഉയർത്തുന്നു. റവന്യൂ അധികൃതരോട് സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും ചെയർപേഴ്സൺ അറിയിച്ചു.