ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കന്യാകുമാരി തീരം വഴി തെക്കു കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദം നിലവില്‍ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ട് ദിവസവും യെല്ലോ അലര്‍ട്ടായിരിക്കും. വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി.