തൊഴിൽ തേടി ദുബായിലേക്ക് പോയ പുനലൂർ സ്വദേശിക്ക് ദാരുണാന്ത്യം

തൊഴിൽ തേടി ദുബായിൽ എത്തിയ ഉടനെ പുനലൂർ സ്വദേശിയായ യുവാവിന് അപ്രതീക്ഷിത അന്ത്യം.
പുനലൂർ വിളക്കുവെട്ടം സ്വദേശിയായ ശ്രീക്കുട്ടൻ ബാബുവാണ് ( 31)  മരിച്ചത്. 
ജോലിതേടി ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കു പറന്നത്. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ നിന്നും ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12.30ന് മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടുന്ന നടപടികൾ തുടങ്ങിയിട്ടുണ്ടെന്നു
എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കി എറണാകുളത്ത് ജോലി നോക്കി വരികേയാണ് നാട്ടുകാരായ മറ്റുനാലു സുഹൃത്തുക്കളുമൊത്ത് ശ്രീക്കുട്ടൻ വിദേശത്തേക്കു യാത്രയായത്.
സ്വീറ്റി മേരിയാണ് ഭാര്യ. ആറു മാസം മുൻപ് വിവാഹിതനായ ശ്രീക്കുട്ടൻ്റെ ജന്മദിനം കഴിഞ്ഞ നാലിനായിരുന്നു.ചരുവിള താഴതിൽ ബാബുവിൻ്റെയും മോളി ബാബുവിൻ്റെയും മകനാണ്‌.