ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഏകീകൃത ഡിജിറ്റൽ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച പദ്ധതിയാണ് ഹെൽത് ഐഡി കാർഡ്.
പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെൽത്ത് ഐഡി കാർഡിൽ ലഭ്യമായിരിക്കും.
14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും. കൺസെന്റ് മാനേജ്മെന്റിന് വേണ്ടിയാണ് പിഎച്ച്ആർ അഡ്രസ്സ്.
▪️എങ്ങനെ രജിസ്റ്റർ ചെയ്യാം.. ❓️
ഹെൽത്ത് ഐഡി വെബ് പോർട്ടലിൽ പോയി സ്വയം രജിസ്റ്റർ ചെയ്യുകയോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എബിഡിഎം ഹെൽത്ത് റെക്കോഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്തോ ഐഡി രജിസ്റ്റർ ചെയ്യാം.
മൊബൈൽ നമ്പർ, ആധാർ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങൾ https://healthid.ndhm.gov.in/എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
https://healthid.ndhm.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
Health ID സെക്ഷനിലെ Create Health ID Nowവിൽ ക്ലിക്ക് ചെയ്യുക
നിങ്ങൾക്ക് മുന്നിൽ തുറന്നുവരുന്ന പുതിയ പേജിൽ മൂന്ന് ഓപ്ഷനുകൾ കാണാം.
▪️ആധാർകാർഡ് ഉപയോഗിച്ച ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യുക (Create via Aadhaar)
▪️എനിക്ക് ആധാറില്ല, ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്യുക(I don't have Aadhaar/ I don't want to use my Aadhaar for creating Health ID. Click Here)
▪️നിലവിൽ ഹെൽത്ത് ഐഡി ഉണ്ടോ? ലോഗിൻ ചെയ്യൂ(Already have a Health ID ? Login)
ആധാർ കാർഡ് ഉപയോഗിച്ചാണ് ഡിജിറ്റൽ ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ ആദ്യ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകാം. അല്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യാം
ആധാർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒടിപി വെരിഫിക്കേഷൻ ഉളളതാണ്.
പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ, ചിത്രം തുടങ്ങി വ്യക്തിയുടെ അടിസ്ഥാന വിവരങ്ങളാണ് രജിസ്ട്രേഷനായി ചോദിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വെർച്വൽ ഹെൽത്ത് ഐഡി ഡൗൺലോഡ് ചെയ്തെടുക്കാം.
▪️ആധാറല്ലാതെ മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകുമോ.. ❓️
നിലവിൽ ആധാർ അടിസ്ഥാനമാക്കിയുളള രജിസ്ട്രേഷൻ ആണ് ഉളളത്. താമസിയാതെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാനുളള സംവിധാനം ആരംഭിക്കും.
▪️പാസ്വേഡ് മറന്നാൽ.❓️
മൊബൈൽ ഒടിപി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം. തുടർന്ന് പുതിയ പാസ് വേഡ് പുനഃക്രമീകരിക്കാം.
▪️ലഭ്യമാകുന്ന വിവരങ്ങൾ.. ❓️
രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം.
▪️രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറുമോ.. ❓️
രോഗിയുടെ സമ്മതത്തോടെ മാത്രമേ രേഖാകൈമാറ്റം നടത്താനാകൂ. രോഗിയുടെ അനുവാദം ലഭിക്കുകയാണെങ്കിൽ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. എത്ര സമയം ഇത് ലഭ്യമാകണമെന്നുളളതും രോഗിക്ക് തീരുമാനിക്കാം. ഇക്കാരണങ്ങളാൽ എല്ലാ രേഖകളും സുരക്ഷിതമായിരിക്കും.
നിലവിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കിൽ ഉപയോക്താവിന് ഐഡി പൂർണമായും നീക്കം ചെയ്യുന്നതിന് സാധിക്കും.
▪️ഗുണങ്ങൾ.. ❓️
ഗുണഭോക്താവിന് സർക്കാർ അംഗീകൃത വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാം ,മൊബൈൽ ലൊക്കേഷൻ അനുസരിച്ച് സ്ഥാപനങ്ങൾ എളുപ്പത്തിൽ കണ്ടെത്താം, പേപ്പർ രഹിത ഡിജിറ്റൽ ആരോഗ്യരേഖകളുടെ ലഭ്യത, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും തുടങ്ങി നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭ്യമാകുക.
▪️എല്ലാവർക്കും ഹെൽത്ത് ഐഡി ലഭ്യമാകുമോ.. ❓️
എൻഡിഎച്ച്എമ്മിന് കീഴിലുളള ഹെൽത്ത് ഐഡി തികച്ചും സൗജന്യമാണ്. ഒരു വ്യക്തിയുടെ താല്പര്യപ്രകാരം മാത്രം ചെയ്താൽ മതിയാകും.