വാക്സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീന്‍ എടുക്കണമെന്നും വാക്സീന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു.

മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്സീന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാന്‍ ആകില്ല.എന്തുകാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച്‌ സര്‍ക്കാരുമായി ആലോചിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

അധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് അയ്യായിരത്തോളം പേര്‍ വാക്‌സിനെടുക്കാത്തവരായി ഉണ്ട്. വാക്‌സിനെടുക്കാത്തവരെ സ്‌കൂളില്‍ വന്ന് ക്ലാസ് എടുക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാം. വാക്‌സിനെടുക്കാത്തവരെ ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലര്‍ത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്സീന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഉപരി പഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് സീറ്റുറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളില്‍ സീറ്റ് കുറവുള്ളതായി കണ്ടെത്തി. 75 അധിക ബാച്ച്‌ അനുവദിക്കും. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളാണ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.