*സ്കൂൾ പ്രവേശന ദിനം ആഘോഷമാക്കി ആറ്റിങ്ങൽ*

ആറ്റിങ്ങൽ: നവംബർ 1 കേരളപിറവി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസം പുനർ ആരംഭിച്ചു. പട്ടണത്തിലെ സ്കൂളുകളിൽ നഗരസഭയുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ക്ലാസ് റൂം പഠനം പുനർ ആരംഭിക്കാൻ സാധിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം നീണ്ട 19 മാസങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ തുറന്നത്. കുട്ടികളെ വരവേൽക്കാനായി കുരുത്തോലകളും തോരണങ്ങളാലും ഒരോ സ്കൂളുകളും അലങ്കരിച്ച് വർണാഭമാക്കി. അക്ഷര ദീപം കൊളുത്തിയും, ജാഗ്രത നിർദ്ദേശങ്ങൾ ആലേഖനം ചെയ്ത കുറുപ്പുകൾ കുരുന്നുകൾക്ക് കൈമാറിയും പ്രവേശന ദിനം കൊണ്ടാടി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗിരിജ ടീച്ചർ, അവനവഞ്ചേരി രാജു, രമ്യ സുധീർ എന്നിവർ വിദ്യാലയങ്ങൾ സന്ദർശിച്ചു. ഇവർ അധ്യാപകരോടും പിടിഎ അംഗങ്ങളോടുമൊപ്പം പഠനമുറികളിലെത്തി കുട്ടികൾക്ക് വേണ്ട ബോധവൽക്കരണം നൽകുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ ഓൺലൈൻ പഠനം
ടെലിവിഷനിലൂടെ എപ്രകാരമാണോ വീക്ഷിച്ച് മനസിലാക്കിയത്, അതേ രീതിയിൽ തന്നെ പാട്ടിലൂടെയും രസകരമായ കഥകളിലൂടെയും അധ്യാപകർ അറിവ് കുഞ്ഞുക്കൾക്ക് പകർന്നു നൽകുന്ന ദൃശ്യങ്ങളാണ് ക്ലാസ് റൂമുകളിൽ കാണാൻ സാധിച്ചത്. ഒരു ബഞ്ചിൽ 2 കുട്ടിയെന്ന ക്രമത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. പട്ടണത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എന്നിവർ കനത്ത സുരക്ഷയൊരുക്കി കാവലുണ്ട്. കൃത്യമായ രീതിയിൽ സാനിട്ടേസർ വിതരണം ശരീരോഷ്മാവ് പരിശോധന തുടങ്ങി എല്ലാ വിധ പ്രതിരോധ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നം ഉണ്ടായാൽ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാനും ആവശ്യത്തിന് വിശ്രമം നൽകാനും വേണ്ടി സിക്ക് റൂമുകളും വിദ്യാലയങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന ഏതുതരം സാഹചര്യങ്ങൾ വിദ്യാലയങ്ങളിൽ ഒരുക്കാനും ഇനിയും നഗരസഭ സർവ്വ സജ്ജമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.