*ആറ്റിങ്ങൽ നഗരത്തിൽ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ച വിദ്യാലയം ശുചീകരിച്ച് അധികൃതർക്ക് കൈമാറി*

ആറ്റിങ്ങൽ: നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ നഗരസഭ ആരോഗ്യ വിഭാഗം ശുചീകരിച്ച ശേഷം സ്കൂൾ മാനേജ്‌മെന്റിന് തിരികെ കൈമാറി. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ഇവിടം പ്രാദേശിക ക്വാറന്റൈൻ സെന്റെറായി പ്രവർത്തിച്ചിരുന്നു. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ അതീവ ജാഗ്രതപുലർത്തണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സ്കൂളിനെ സി.എഫ്.എൽ.റ്റി.സി സെന്റെറാക്കി വീണ്ടും മാറ്റിയത്. പട്ടണത്തിന് അകത്തും പറത്തുമുള്ള നിരവധി പേരെ ചികിൽസിച്ച് ഭേദമാക്കാൻ ഈ കേന്ദ്രത്തിന് സാധിച്ചു. നവംബർ 15 ന് സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വരാന്തയും പരിസരവും വൃത്തിയാക്കുകയും കൃത്യമായ രീതിയിൽ അണുനശീകരണം നടത്തുകയും ചെയ്തത്. വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന ഇത്തരം കേന്ദ്രങ്ങൾ പ്രളയം, കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ നാടിന് വളരെ പ്രയോജനകരമാവുന്നു. നഗരസഭ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച സ്കൂൾ മാനേജ്‌മെന്റ് മറ്റുള്ളവർ മാതൃക സൃഷ്ടിച്ചുവെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.