️കിളിമാനൂർ: ബൈക്ക് തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെയും സഹോദരിയെയും രാത്രി വീടുകയറി ക്രൂരമായി മർദ്ദിച്ച കേസിൽ നാലംഗ സംഘത്തെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു മടവൂർ വേമൂട് സലിം മൻസിലിൽ അജ്മൽ (26), മാവിൻമൂട് കണിശ്ശേരി വീട്ടിൽ ആഷിഖ് (24), പുലിയൂർകോണം മാങ്കോണം നിഷാൻ മൻസിലിൽ കിഷാം (33), നിഷാൻ (34) എന്നിവരെയാണ് പോലീസ് പിടികൂടിയത് ഒക്ടോബർ 24ന് രാത്രി 8.45നാണ് കേസിനാസ്പദമായ സംഭവം മടവൂർ വേമൂട് പാലത്തിന് സമീപം ജ്യോതികഭവനിൽ അജിതകുമാരി (40), സഹോദരൻ ബിജുകുമാർ (37) എന്നിവരെയാണ് പ്രതികൾ ക്രൂരമായി ഉപദ്രവിച്ചത്.
️പ്രതികളുടെ സുഹൃത്തായ ബിജുകുമാർ കൊണ്ടുപോയ ഇവരിൽ ഒരാളുടെ ബൈക്ക് തിരികെ കൊടുക്കാൻ താമസിച്ചതിനാണ് ആക്രമണം നടത്തിയത്. രാത്രി 8.30 ഓടെ പ്രതികൾ അജിതകുമാരി താമസിക്കുന്ന വീട്ടിൽ ബിജുകുമാറിനെ അന്വേഷിച്ചെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ബിജുകുമാറിനെ ഉപദ്രവിച്ചു. തടയാൻ ചെന്ന അജിതകുമാരിയെയും ആക്രമിച്ചശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. അടിയേറ്റ ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് പള്ളിക്കൽ പൊലീസിൽ പരാതി നൽകി.
️പള്ളിക്കൽ സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് പ്രതികളെയും പോലീസ് പിടികൂടി. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. സഹിൽ, ബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ജയപ്രകാശ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.