സ്വർണക്കടത്ത് കേസിൽ ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി നയതന്ത്ര ബാഗിലൂടെയുടെയുളള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സ്വപ്നയടക്കമുള്ളവർക്ക് ജാമ്യം നൽകിയത്. സ്വപ്ന സുരേഷ് , പി.ആർ.സരിത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. എന്നാൽ ഇവരിൽ സ്വപ്ന സുരേഷിന് മാത്രമേ ജയിലിൽ നിന്നും പുറത്തു പോകാനാവൂ. സ്വപ്നയ്ക്ക് നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
എൻഐഎ കേസിൽ മാത്രമാണ് സ്വപ്നയ്ക്ക് ജാമ്യം കിട്ടാനുണ്ടായിരുന്നത്. ഇപ്പോൾ ആ കേസിൽ കൂടി ജാമ്യം കിട്ടിയതോടെ സ്വപ്നയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങും. കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.
സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ വാദം തള്ളിയാണ് ഇപ്പോൾ പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.