ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ വ്യത്യസ്ഥവും പ്രവർത്തകർക്ക് ഏറെ ആവേശം പകരുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പരിസ്ഥി സൗഹാർദ സന്ദേശം സമൂഹത്തിന് കൈമാറുന്നതിന്റെ ഭാഗമായി ഗവ.ബോയ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രവർത്തകർ ഫലവൃക്ഷ തൈകൾ നട്ടു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ സ്മരണാർത്ഥം 23 ഫലവൃക്ഷ തൈകളാണ് നട്ടത്. ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പ്രദീപ്, എം.മുരളി, ആർ.എസ്.അനൂപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
ആലംകോട് ജംഗ്ഷനിൽ വച്ച് വൈകുന്നേരം 4 മണിക്ക് സഖാവ് ഹാഷിമിന്റെ ബലികുടീരത്തിൽ നിന്ന് പകർന്ന ദീപശിഖ ജാഥ ക്യാപ്റ്റൻ എ.നജാം ഏറ്റുവാങ്ങി. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പട്ടണത്തിലൂടെ റാലിയായി വലിയകുന്ന് ജംഗ്ഷനിൽ എത്തിച്ചേർന്നു. അവിടെ സഖാവ് ശിവദാസന്റെ ബലികുടീരത്തിൽ നിന്ന് ഏറ്റുവാങ്ങിയ രക്തപതാക മുതിർന്ന അംഗം ആർ.രാമൻകുട്ടി ജാഥ ക്യാപ്റ്റന് കൈമാറി. തുടർന്ന് അവനവഞ്ചേരി തെരുവ് ജംഗ്ഷനിലൂടെ ജനസഹസ്രങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി കടന്നുപോയ റാലി ഗ്രാമത്തുമുക്ക് ജംഗ്ഷനിലെത്തി മുതിർന്ന അംഗം ജി.ബാബുവിന്റെ നേതൃതത്തിൽ തയ്യാറാക്കിയ ചെമ്പട്ടണിയിച്ച കവുങ്ങിന്റെ കൊടിമരവുമായി സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ വിപ്ലവ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ സദസിൽ വച്ച് ചെങ്കൊടിമരം ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ ആവേശത്തിൽ പ്രതികൂല കാലാവസ്ഥ പോലും വക വയ്ക്കാതെയാണ് നൂറു കണക്കിന് പ്രവർത്തകർ ആറ്റിങ്ങൽ നഗരത്തെ ചെമ്പട്ടണിയിച്ച് വലം വച്ചത്.
നമ്മുടെ ആരോഗ്യ മേഖലയെ കാർന്ന് തിന്നുന്ന കൊവിഡെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്വയരക്ഷ പോലും വെടിഞ്ഞ് പണിയെടുത്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും സംഘടന വിസ്മരിച്ചില്ല. സമ്മേളന നഗരിയിൽ സജ്ജീകരിച്ച സദസിൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പരിധിയിലെ 16 മാലാഖമാരെ സംഘടന നേതൃത്വം ആദരിച്ചു. കൂടാതെ പ്രതിസന്ധി തരണം ചെയ്ത് വിജയം കൈവരിച്ച പ്രതിഭകളെയും ആദരിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, അംഗങ്ങളായ എം. പ്രദീപ്, എം.മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, അംഗങ്ങളായ റ്റി. ദിലീപ് കുമാർ, ബിസിഡി സുധീർ, ബാലചന്ദ്രൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഇ.അനസ്, പ്രസിഡന്റ് അഖിൽ, ട്രഷറർ സാബു തുടങ്ങിയവരുടെ സംഘം പരിപാടിക്ക് നേതൃത്വം വഹിച്ചു.