ഭരണ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിലായതോടെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും പ്രതിസന്ധിയിലാകും. ഇതോടെ കോവിഡ് കാലം കൂടിയായതിനാല്‍ ജനത്തിന്റെ ബുദ്ധിമുട്ട് ഇരട്ടിയായിരിക്കുകയാണ്. സമരത്തെ നേരിടാനായി ഡെയിസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നും നാളയും ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കും.
കെഎസ്‌ആര്‍ടിസിയിലെ ശമ്പള പരിഷ്കരണത്തിൻ്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്കരണം എന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിനായിട്ടില്ല എന്നതാണ് പണിമുടക്കിലേക്ക് നയിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. “ശമ്പള പരിഷ്കരണം നടത്തിയാല്‍ സര്‍ക്കാരിന് 30 കോടിയോളം അധിക ബാധ്യത ഉണ്ടാകും. ധനമന്ത്രിയോടും മുഖ്യമന്ത്രിയോടും ചര്‍ച്ച ചെയ്യുന്നതിനായി സവാകാശം തേടി. എന്നാല്‍ ഇതിന് അനുവദിക്കാതെ സമരത്തിലേക്ക് നീങ്ങിയത് ശരിയല്ല,” മന്ത്രി പറഞ്ഞു