ടി20 ലോകകപ്പ്; ഇന്ത്യ സെമി കാണുമോ?; ന്യൂസിലൻഡ് അഫ്ഗാൻ പോരാട്ടം ഇന്ന്
November 07, 2021
ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം.കോലി സംഘത്തിന്റെ തലവര നിർണയിക്കുന്ന മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ അഫ്ഗാന് കഴിയുമോ എന്ന് ഇന്നറിയാം. സെമി ഉറപ്പിക്കാനുള്ള ന്യൂസിലൻഡിന്റെ അവസാന കടമ്പയാണ് അഫ്ഗാനെതിരായ മത്സരം. ജയം നേടി ഗ്രൂപ്പിൽ രണ്ടാമനായി സെമിയിലെത്താനാണ് ന്യൂസിലൻഡ് ലക്ഷ്യം.ക്യാപ്റ്റൻ കെയിൻ വില്യംസൺ, മാർട്ടിൻ ഗുപ്ടിൽ എന്നീ ബാറ്റർമാരും ഡാരിൽ മിച്ചൽ, ഗ്ലേൻ ഫിലിപ്‌സ്, ജിമ്മി നീഷാം എന്നീ അൾറൗണ്ടർമാരും ബോൾട്ടും സൗത്തിയും സോധിയും ഫോമിലുള്ളത് ന്യൂസിലൻഡിന് സാധ്യത കൂട്ടുന്നു. എന്നാൽ വമ്പൻ ടീമുകളെ അട്ടിമറിക്കാൻ ശേഷിയുള്ള ടീം തന്നെയാണ് അഫ്ഗാനിസ്താൻ. സമ്മർദമില്ലാതെ ബാറ്റ്‌ചെയ്യുന്ന മുൻനിര ബാറ്റർമാരും റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്‌മാൻ സ്പിൻ ത്രയവുമാണ് അഫ്ഗാന്റെ കരുത്ത്. ഇന്ന് വലിയ മാർജിനിൽ ജയിച്ചാൽ അഫ്ഗാനും സെമി സാധ്യതയുണ്ട്.രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പാകിസ്താനും അവസാന സ്ഥാനക്കാരായ സ്‌കോട്ട്‌ലൻഡും തമ്മിൽ ഏറ്റുമുട്ടും. കരുത്തിലും അനുഭവ സമ്പത്തിലും പാകിസ്താനാണ് മുന്നിൽ. എന്നാലും പോരാടാനുറച്ചാകും സ്‌കോട്ടിഷ് പടയുടെ വരവ്. രാത്രി 7.30ന് ഷാർജയിലാണ് മത്സരം.