മൺ ചിരാതുകളിൽ ദീപനാളം കാറ്റിനൊപ്പം ഓളം വെട്ടുന്ന മനോഹരമായ കാഴ്ച്ചയുടെ വസന്തമാണ് ദീപാവലി, ഇരുളിനെ ഭേദിച്ച് ദീപങ്ങൾ മനോഹാരിത പകരുന്ന ദിവസം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവൻ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തിൽ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകർഷണം. രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന് ശേഷമാണ് അയോധ്യയിലേയ്ക്ക് രാമൻറെ തിരിച്ചുവരവുണ്ടായത്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനമായും ദീപാവലിയെ കണക്കാക്കുന്നു.
ദീപങ്ങളുടെ ഉൽസവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.
ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഭൂമിദേവിയുടെ മകനായിരുന്നു അസുരനായ നരകാസുരൻ. അഹങ്കാരിയും അതിക്രൂരനുമായ നരകാസുരന് ദേവന്മാരോട് ശത്രുതയായിരുന്നു.
ഒരു ദിവസം ദേവലോകത്ത് എത്തിയ നരകാസുരൻ ഇന്ദ്രന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകളും കൈക്കലാക്കി. ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തു. ഭഗവാൻ നരകാസുരനെ വധിക്കുമെന്ന് ഇന്ദ്രനു വാക്കു കൊടുത്തു. ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഡനായി പ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുർദശിയായിരുന്നു. അർധരാത്രി കഴിഞ്ഞതോടെ ഭഗവാ൯ നരകാസുരനെ വധിച്ചു. നരകാസുരന്റെ വധത്തിൽ സന്തോഷം കൊണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കിയെന്നാണ് ഐതിഹ്യം.
ശ്രീരാമനും സീതയും 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിന്റെയും മറ്റു ചിലർ 12 വർഷത്തെ വനവാസത്തിന് ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിന്റെയും പ്രതീകമായാണ് ചിലർ ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്.