* ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (01-12-2021)*

റെയിൽ മേൽപ്പാലം നിർമ്മാണം: ത്രികക്ഷി കരാർ ഒപ്പിടും

കേരളത്തിലെ റെയിൽ മേൽപ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിർമ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ത്രികക്ഷി ധാരണ ഒപ്പിടാൻ തീരുമാനിച്ചു.

സംസ്ഥാനത്ത് 428 ലെവൽ ക്രോസുകളാണുള്ളത്. അതിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിൻറെ ഭാഗമായി ഏറ്റെടുക്കേണ്ട മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.
----

കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (ജൂനിയർ ടൈംസ് സ്‌കെയിൽ) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം  81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആർ.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും.  ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. 

മുൻസർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും. ട്രെയിനിംഗ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻസർവ്വീസിൽ നിന്നും വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ പ്രസ്തുത തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വർഷം പ്രീ-സർവ്വീസ് പരിശീലനവും സർവ്വീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.
---

പുതിയ എയ്ഡഡ് കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അറക്കളം വില്ലേജിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ 2021-2022 അധ്യയന വർഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്‌സ്, ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്‌സുകളാണ് ഉണ്ടാവുക. ട്രൈബൽ ആർട്‌സ് & സയൻസ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.
--

സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ പൊതുവിഭാഗത്തിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ  നിയമിച്ചു.
--

ശമ്പള പരിഷ്‌ക്കരണം

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജീവനക്കാർക്ക് 10-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാൻ തീരുമാനിച്ചു.  9-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.
--

തസ്തിക

മത്സ്യഫെഡിൽ ഒരു ഡെപ്യൂട്ടി മാനേജർ (ഐടി)തസ്തിക സൃഷ്ടിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു അസിസ്റ്റൻറ് മാനേജർ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നൽകി.
--

ചികിത്സാ സഹായം

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
--

#kerala #cabinetdecisions #keralagovernment