വിതുര: രണ്ടാഴ്ച മുൻപ് വരെ വിതുര പഞ്ചായത്തിനെ കൊവിഡ് വരിഞ്ഞുമുറുക്കിയിരുന്നു. എന്നാൽ വിതുര പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. പഞ്ചായത്തിൽ രോഗവ്യാപനം കുറഞ്ഞതോടെ ടൂറിസ കേന്ദ്രമായ പൊൻമുടി സഞ്ചാരികൾക്കായി വീണ്ടും തുറന്നുനൽകാനാണ് തീരുമാനം.
രണ്ടാഴ്ച മുൻപ് വരെ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. മൂന്നൂറോളം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അന്ന് എട്ട് വാർഡുകൾ വരെ കണ്ടെയ്ൻമെന്റ് സോൺ ആയി കലക്ടർ പ്രഖ്യാപിച്ചിരുന്നു. രോഗം ആദിവാസിമേഖലകളിലേക്കും, തോട്ടംമേഖലകളിലേക്കും വരെ പടർന്നു. പൊലീസുകാർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും വരെ കൊവിഡ് പിടികൂടിയതോടെ പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റി. എന്നാൽ പ്രതിരോധപ്രവർത്തനങ്ങൾ തകൃതിയായി നടന്നതോടെ രോഗബാധിതരുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. രോഗവ്യാപനം കുറഞ്ഞുവന്ന വേളയിൽ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി തുറന്നിരുന്നു. സഞ്ചാരികളുടെ കുത്തൊഴുക്കും പ്രതിരോധപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതും കാരണം വീണ്ടും കൊവിഡ് പടരുകയായിരുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കല്ലാർ മേഖലയിലാണ് അടുത്തിടെ കൂടുതൽ പേർക്ക് രോഗം പിടികൂടിയത്. കല്ലാർ മേഖലയിലെ ആദിവാസി കോളനികളിലേക്ക് വരെ കൊവിഡ് വ്യാപിച്ചിരുന്നു. ഇതോടെ വാർഡിനെ കണ്ടെയ്ൻമെന്റ് സോൺ ആയി കഴിഞ്ഞയാഴ്ച കളക്ടർ പ്രഖ്യാപിക്കുകയും വാർഡ് അടച്ചിടുകയും ചെയ്യുകയായിരുന്നു. തൊളിക്കോട് പഞ്ചായത്തിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. നിലവിൽ നൂറിൽ താഴെ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.