കല്ലമ്പലം മുത്താനയിൽ ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു.തിരുവനന്തപുരം കല്ലമ്പലത്ത് ആണ്  സംഭവം. ഇരുപത്തിരണ്ടുകാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുളിക്കാനും അലക്കാനും വീടിന് സമീപത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി പതിവായി പോയിരുന്നത്. ഇന്നലെ ഇവിടെയെത്തിയപ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയം വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തിയിരുന്നു. ഇയാള്‍ മടങ്ങി കുറച്ച്‌ സമയത്തിന്‌ ശേഷമാണ് നാലുപേര്‍ ഇവിടേക്കെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.

കൈയും കാലും കെട്ടിയിട്ട് വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച്‌ ഇരുപത്തിരണ്ടുകാരിയുടെ ബോധം നഷ്ടമായി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും മകള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ അമ്മ അന്വേഷിച്ചെത്തിയതാണ് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

യുവതിയേയും കുടുംബത്തേയും അടുത്തറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.