കാപ്പിൽ പൊഴിമുഖത്ത് കടലിൽ ഇറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ ഇടവ തീരത്തിന് സമീപം വെറ്റക്കടയിൽ കണ്ടെത്തി

കാപ്പിൽ പൊഴിമുഖത്ത് കടലിൽ ഇറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ ഇടവ തീരത്തിന് സമീപം വെറ്റക്കടയിൽ കണ്ടെത്തി. മാവിൻമൂട് പ്രസിഡന്റ് മുക്കിൽ പോങ്ങിൽ പ്ലാവിള വീട്ടിൽ കൃഷ്ണകുമാർ-ബീന ദമ്പതിമാരുടെ മകൻ ഐടിഐ വിദ്യാർഥിയായ വിഷ്ണുവിന്റെ (19) മൃതദേഹമാണ് രാവിലെ 10 മണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

സഹോദരൻ: ജിഷ്ണു (ഗൾഫ്). മാവിൻമൂട് പ്രസിഡന്റ് മുക്ക് കീഴൂട്ട് വീട്ടിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ വാർഡൻ ഗിരീഷിന്റെ മകൻ ആരോമലിനായി(16) തിരച്ചിൽ തുടരുകയാണ്. ഞെക്കാട് ഗവ.വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വൈകിട്ടു അഞ്ചു മണിയോടെയാണ് ഇരുവരെയും കാപ്പിൽ പൊഴിമുഖത്ത് കടലിൽ ഇറങ്ങുമ്പോൾ കാണാതായത്.

ഏതാണ്ട് ഇതേസമയത്തു കടലിലേക്ക് ഇറങ്ങി ശക്തമായ ഒഴുക്കിൽപ്പെട്ട കല്ലുവാതുക്കൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചേർന്നു രക്ഷപ്പെടുത്തി. കനത്ത മഴ തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ വരവ് വർധിച്ചതും അപകടങ്ങൾ ഏറുന്നതും കണക്കിലെടുത്ത് കാപ്പിൽ തീരത്ത് സംരക്ഷണം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളെ നിർത്തണമെന്ന ആവശ്യം ശക്തമായതോടെ രണ്ടു പേരെ നിയോഗിക്കാൻ തീരുമാനിച്ചതായി വി.ജോയി എംഎൽഎ അറിയിച്ചു.

കാപ്പിൽ തീരത്ത് അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റു ദിവസങ്ങളിൽ സ്കൂൾ-കോളജ് വിദ്യാർഥികളുടെ ഒഴുക്കാണ്. ഇവരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. പൊഴിമുഖത്ത് വന്നെത്തുന്ന ഏറെപ്പേരും കടലിലേക്ക് ഇറങ്ങുന്നതും പതിവാണ്. ആകെയുള്ളത് ഒരു സുരക്ഷാ മുന്നറിയിപ്പ് ബോർഡ് മാത്രമാണ്.