കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്.
ഇത് പിന്നീട് പ്രണയമായി. കാഞ്ഞിരപ്പള്ളി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്.
ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു.
18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്.അപകടത്തില്‍ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകള്‍ മാത്രമേയുള്ളു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.